തൊടുപുഴ കെഎസ്ആര്‍ടിസി ബസ്റ്റാൻഡിലെ ലിഫ്റ്റ് നിർമാണം; തുരുമ്പെടുക്കുന്നത് ലക്ഷങ്ങള്‍

കോടികൾ ചെലവാക്കി നിർമിച്ച ഇടുക്കി തൊടുപുഴ KSRTC ബസ്റ്റാൻഡിലെ ലിഫ്റ്റ് നിർമാണത്തിൽ ഗുരുതര പാളിച്ച. പലയിടത്തായി ഭിത്തി പൊളിച്ചെങ്കിലും പണി എങ്ങുമെത്തിയില്ല. ഇതോടെ ലിഫ്റ്റിനായി വാങ്ങിയ ലക്ഷങ്ങളുടെ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിച്ചു.
മൂന്നുവർഷം മുമ്പ് 18 കോടി രൂപ ചെലവിലാണ് നാല് നിലകളിലായി കെഎസ്ആർടിസി ബസ്റ്റാൻഡ് നവീകരിച്ചത്. ലിഫ്റ്റ് പണിയാതെ ഉദ്ഘാടനം നടത്തിയതോടെ ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റും കെട്ടിട നമ്പരും ഇതുവരെ ലഭിച്ചിട്ടില്ല. ഇത് വിവാദമായതോടെ ഭിത്തി പൊളിച്ച് വീണ്ടും ലിഫ്റ്റ് നിർമ്മിക്കാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകുമെന്ന കാരണത്താൽ പണി പാതി വഴിയിൽ ഉപേക്ഷിച്ചു. പറ്റിയ അബദ്ധം മറക്കാൻ പൊളിച്ച ഭിത്തി വീണ്ടും കോൺക്രീറ്റ് ചെയ്തു. കെട്ടിടത്തിന്റെ പ്ലാൻ പരിഗണിക്കാതെയാണോ കരാറുകാരൻ ഭിത്തി പൊളിച്ചതെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല
10 വർഷം മുൻപ് ബസ്റ്റാൻഡ് നവീകരണം തുടങ്ങിയ സമയത്ത് തന്നെ ലിഫ്റ്റിനായി സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ അശാസ്ത്രീയ നിർമാണം മൂലം പണി പൂർത്തിയാക്കാനായില്ല. സ്റ്റാൻഡിലെ കടമുറികൾ വാടകയ്ക്ക് നൽകിയെങ്കിലും കെട്ടിട നമ്പർ ഇല്ലാത്തതിനാൽ വ്യാപാരികൾ പണം തിരികെ വാങ്ങി. കോടികൾ പാഴാക്കിയിട്ടും ദുരവസ്ഥയ്ക്ക് പരിഹാരമാകത്തതിൽ പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.