കുടുംബശ്രീയും വ്യവസായവകുപ്പും പിന്തുണച്ചു, സുഗന്ധവ്യഞ്ജന യുവസംരംഭക

സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറയായ ഇടുക്കിയില്‍ നിന്ന് ശുദ്ധമായ സുഗന്ധവ്യഞ്ജനങ്ങള്‍ വിപണനത്തിനെത്തിക്കുന്ന സംരംഭം തുടങ്ങി വിജയിക്കാന്‍ പാമ്പാടുംപാറ സ്വദേശിനി സുനി എന്ന വീട്ടമ്മയ്ക്ക് പ്രചോദനമായത് കുടുംബശ്രീയും സംസ്ഥാന വ്യവസായ വകുപ്പും. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ ചേമ്പളം കല്ലാര്‍ ഗ്രാമത്തിലെ തപസ്യ ഫ്രൂട്സ്, വെജിറ്റബിള്‍സ് ആന്റ് സ്‌പൈസസ് എന്ന സംരംഭത്തിന്റെ ഉടമയാണ് സുനി. തപസ്യ വിപണിയിലെത്തിക്കുന്ന ഏലം, കുരുമുളക്, ഗ്രാമ്പു, ജാതിക്ക, ജാതിപത്രി, എന്നീ സുഗന്ധ വ്യഞ്ജനങ്ങളും കാപ്പിപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, മുളക്പൊടി എന്നിവയുടെ പെരുമ ജില്ലയ്ക്കു പുറത്തേയ്ക്കും പരക്കുകയാണ്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സുനി ത്രിദീപ് എന്ന വീട്ടമ്മ 2019ല്‍ തപസ്യയെന്ന സംരംഭം ആരംഭിക്കുന്നത്. ആദ്യം കൂണ്‍കൃഷിയാണ് സുനി ആരംഭിച്ചത്. ദിവസേന 25-30 കിലോ കൂണ്‍ ഉത്പാദിപ്പിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കല്ലാര്‍ ഗ്രാമത്തില്‍ വിപണന സാധ്യത കുറഞ്ഞതോടെ കൂണ്‍കൃഷി താത്കാലികമായി നിര്‍ത്തി. സുഗന്ധ വ്യഞ്ജനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് സുഗന്ധവ്യഞ്ജന വിപണിയിലേക്ക് എത്തുകയായിരുന്നു.
കുടുംബശ്രീയും വ്യവസായ വകുപ്പും സംഘടിപ്പിച്ച വനിതാ പരിശീലന പരിപാടികളാണ് സുനിക്ക് വെറും അഞ്ചുവര്‍ഷം കൊണ്ട് വീട്ടമ്മയില്‍ നിന്ന് യുവ സംരഭകയെന്ന ചുവടുമാറ്റത്തിലേക്കുള്ള വഴിതെളിച്ചത്. കുടുംബശ്രീയുടെയും, വ്യവസായ വകുപ്പിന്റെയും വായ്പാ പദ്ധതികളും തപസ്യയെന്ന സംരംഭത്തിന്റെ ആരംഭത്തിന് കരുത്തു പകര്‍ന്നു. തപസ്യയുടെ വരുമാനത്തില്‍ നിന്നാണ് വായ്പകളുടെ തിരിച്ചടവ്. സാമൂഹമാധ്യമങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ മുഖേനയും തപസ്യയുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. കൂടാതെ കുടംബശ്രീയുടെ പ്രാദേശിക മേളകളിലൂടെയും തപസ്യയുടെ ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് മുന്നിലെത്തുന്നു. പാമ്പാടുംപാറ, വണ്ടന്‍മേട് പഞ്ചായത്തുകളിലെ ഓണക്കിറ്റിലും തപസ്യയുടെ ഉല്‍പ്പന്നങ്ങള്‍ ഇടം പിടിച്ചിരുന്നു. സോപ്പ്,സോപ്പുപൊടി, ലോഷന്‍ എന്നിവയും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. വിപണന സാധ്യത കുറഞ്ഞതോടെ സ്വന്തം ആവശ്യങ്ങള്‍ക്കായി മാത്രമാണ് സുനി ഇവ നിര്‍മ്മിക്കുന്നത്.
സുനിയുടെ ഭര്‍ത്താവ് ത്രിദീപും സുഗന്ധ വ്യഞ്ജനങ്ങള്‍ പൊടിക്കുന്നതിനും പാക്കിംഗിനും എല്ലാം ഒപ്പമുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പം അവധി ദിവസങ്ങളില്‍ സഹായവുമായി മക്കളും കൂടയുണ്ട്. മക്കളായ ദീപ്തിയും അഫേദും ശാന്തിഗ്രാം ഗാന്ധിജി ഇഗ്ലിഷ് മീഡിയം സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ത്രിദീപിന്റെ അമ്മ ദേവകിയമ്മയും സംരഭത്തിന് സഹായവുമായി ഇവര്‍ക്കൊപ്പമുണ്ട്. പാവയ്ക്ക, കോവയ്ക്ക എന്നിവ ഉണക്കിയും വിപണയിലെത്തിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ സീസണ്‍ അല്ലാത്തതിനാല്‍ ഇത് താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ഓഫ് സീസണില്‍ കൂടുതല്‍ വില നല്‍കി ഉല്‍പ്പന്നം വാങ്ങേണ്ടി വരുന്നതിനാലാണ് ഡ്രൈ വെജിറ്റബിള്‍സിന്റെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നതെന്ന് സുനി പറയുന്നു. ഓര്‍ഡറുകള്‍ക്ക് അനുസരിച്ചാണ് സുഗന്ധ വ്യഞ്ജനങ്ങളുടെ പാക്കിംഗ്. ഏലം സീസണില്‍ പ്രദേശവാസികളായ മൂന്ന് പേര്‍ക്കും ഈ ചെറുകിട സംരംഭം തൊഴില്‍ നല്‍കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ക്രേവ് ആന്റ് കാര്‍ട്ട്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ജില്ലയ്ക്ക് പുറത്തും തപസ്യ വിപണി കണ്ടെത്തുന്നുണ്ട്. നേരിട്ട് ബന്ധപ്പെടുന്നവര്‍ക്ക് കൊറിയര്‍ മുഖേനയും തപസ്യയുടെ ഉത്പന്നങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. തപസ്യയുടെ ഉല്‍പ്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 9188439716 എന്ന നമ്പറിലും ബന്ധപ്പെടാം.