
ജില്ലയിലെ കെഎസ്ആർടിസി ബസുകളിൽ ട്രാവൽ കാർഡ് എത്തി. 100 രൂപയാണ് കാർഡിന്റെ വില. കാർഡിൽ 50 രൂപ മുതൽ റീചാർജ് ചെയ്യാൻ കഴിയും. റീചാർജ് ചെയ്ത തുക ഉപയോഗിച്ച് കെഎസ്ആർടിസിയിൽ യാത്ര ചെയ്യാം. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നതാണ് ട്രാവൽ കാർഡ്. പണം കൈവശമില്ലാത്തപ്പോഴും ബസിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഈ കാർഡ് നൽകുന്നു. കാർഡ് വാങ്ങുമ്പോൾ സീറോ ബാലൻസിലാണ് ലഭിക്കുക. കാർഡ് ലഭിച്ച ശേഷം ഇഷ്ടമുള്ള തുക റീചാർജ് ചെയ്ത് ഉപയോഗിക്കാൻ തുടങ്ങാം. കാർഡിന് ഒരു വർഷത്തെ കാലാവധിയുണ്ട്.
ട്രാവൽ കാർഡിൽ റീചാർജ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ തുക 50 രൂപയാണ്. പരമാവധി 3000 രൂപ വരെ റീചാർജ് ചെയ്യാം. 1000 രൂപ ചാർജ് ചെയ്താൽ 40 രൂപയും 2000 രൂപ ചാർജ് ചെയ്താൽ 100 രൂപയും അധികമായി കാർഡിൽ ക്രെഡിറ്റ് ആകും. ട്രാവൽ കാർഡ് മറ്റൊരാൾക്ക് കൈമാറുന്നതിൽ തടസ്സങ്ങളൊന്നുമില്ല. വീട്ടിലുള്ളവർക്കോ സുഹൃത്തുക്കൾക്കോ ഈ കാർഡ് ഉപയോഗിക്കാം. കാർഡ് പ്രവർത്തിക്കാതെ വരികയാണെങ്കിൽ ഏറ്റവും അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിൽ അപേക്ഷ നൽകിയാൽ പുതിയ കാർഡ് ലഭിക്കും.
പഴയ കാർഡിലുണ്ടായിരുന്ന തുക പുതിയ കാർഡിൽ ഉൾപ്പെടുത്തുകയും ചെയ്യും. കെഎസ്ആർടിസി ബസിലെ കണ്ടക്ടർമാരിൽ നിന്നു വാങ്ങുന്ന കാർഡ് അപ്പോൾ തന്നെ ഉപയോഗിച്ചു തുടങ്ങാം.