
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ വന്യജീവി ശല്യം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പരിധിയിലെ പതിനാലാംമൈലില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങിയിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ ഇരുമ്പുപാലം മേഖലയില്‍ കാട്ടുപോത്ത് ജനവാസ മേഖലയിലേക്ക് എത്തിയിട്ടുള്ളത്. രാത്രികാലത്ത് വീടുകള്‍ക്കരികിലൂടെ ചുറ്റിത്തിരിയുന്ന കാട്ടുപോത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
കഴിഞ്ഞ ദിവസം ഒഴുവത്തടത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്ത് പ്രദേശത്ത് കൃഷിനാശം വരുത്തിയിരുന്നു. ഇതിന് ശേഷമാണ് കാട്ടുപോത്ത് ഇരുമ്പുപാലം മേഖലയിലേക്ക് എത്തിയിട്ടുള്ളത്. ജനവാസ മേഖലയില്‍ വന്യജീവി ശല്യം വര്‍ധിക്കുന്നത് ആളുകളില്‍ ആശങ്കക്ക് ഇടവരുത്തിയിട്ടുണ്ട്. കാട്ടുപോത്ത് പകല്‍ സമയത്ത് ജനവാസ മേഖലയിലേക്ക് എത്തുന്ന സ്ഥിതി ഉണ്ടായാല്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കും. കാട്ടുപോത്ത് ജനവാസ മേഖലയില്‍ തന്നെ തമ്പടിച്ച് കൂടുതല്‍ കൃഷി നാശം വരുത്തുമോയെന്ന ഭയവും കര്‍ഷകര്‍ക്കുണ്ട്.