KeralaLatest News

‘വാവരെ തൊഴുന്ന, അര്‍ത്തുങ്കല്‍ പള്ളിയില്‍ കൂടി പോകുന്ന അയ്യപ്പ ഭക്തര്‍’; ശബരിമലപോലെ സര്‍വധര്‍മ സമഭാവനയുടെ പ്രതീകമായ എത്ര ദേവാലയങ്ങളുണ്ടെന്ന് മുഖ്യമന്ത്രി

ആഗോള അയ്യപ്പസംഗമത്തോട് സഹകരിക്കാന് യഥാര്‍ഥ ഭക്തര്‍ക്ക് കഴിയൂ എന്ന് സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രയേറെ ഭക്തര്‍ ഒത്തുകൂടിയതില്‍ സന്തോഷമുണ്ടെന്നും മാറിനില്‍ക്കുന്ന ഭക്തി ഒരു പരിവേഷമായി അണിയുന്നവര്‍ക്ക് അജണ്ടയുണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതിമത വേര്‍തിരിവുകളില്ലാത്ത മതാതീയ ആത്മീയതയെ ഉദ്‌ഘോഷിക്കുന്ന ക്ഷേത്രമാണ് ശബരിമല. വാവരെ തൊഴുന്ന, അര്‍ത്തുങ്കല്‍ പള്ളിയില്‍ കൂടി പോകുന്ന ഭക്തരാണ് ഇവിടെ വരുന്നത്. ശബരിമലപോലെ സര്‍വധര്‍മ സമഭാവനയുടെ പ്രതീകമായ എത്ര ദേവാലയങ്ങളുണ്ട് ലോകത്തില്‍ വേറെയുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

യഥാര്‍ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭഗവദ്ഗീതയുടെ ഭക്തസങ്കല്‍പ്പത്തിന് നിരക്കുന്ന അയ്യപ്പ സംഗമമാണിത്. ഒന്നിനേയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളില്‍ ഭാവഭേദമില്ലാത്തവനും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനാണ് ഭക്തനെന്ന് ഗീതയുടെ 12-ാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. കല്ലുംമുള്ളും താണ്ടിയെത്തുന്ന ഭക്തര്‍ കാണുന്നത് തത്വമസി എന്ന ഉപനിഷദ്വചനമാണ്. അന്യരില്ലെന്നും അപരത്വത്തിലേക്ക് കൂടി ഞാന്‍ എന്നത് ചേര്‍ക്കണമെന്നുമുള്ള സന്ദേശമാണിത്. ഇതാണ് ശബരിമലയുടെ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ തീര്‍ഥാടന ഭൂപടത്തില്‍ ശബരിമലയുടെ സ്ഥാനം കൂടുതല്‍ നന്നായി അടയാളപ്പെടാന്‍ ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ലോകമെമ്പാടും അയ്യപ്പഭക്തരുണ്ട്. നൂതന ഗതാഗത സൗകര്യങ്ങളും രജിസ്‌ട്രേഷനായി പോര്‍ട്ടല്‍ സൗകര്യങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. ശബരി റെയിലിനായി പാതി പണം നല്‍കാന്‍ സന്നദ്ധരാണ്. ന്യൂനപക്ഷ സംഗമമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ദേവസ്വം ബോര്‍ഡിനെതിരായും നിരവധി പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. വിശ്വാസികളുടെ കൈയിലായിരുന്നല്ലോ മുന്‍പ് ക്ഷേത്രങ്ങള്‍. അവ ആരും നോക്കാനില്ലാതെ ജീര്‍ണിച്ച് തുടങ്ങിയപ്പോഴാണ് ദേവസ്വം ബോര്‍ഡ് നിലവില്‍ വരുന്നത്. ക്ഷേത്രജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിച്ചത്, ജീര്‍ണത മാറിയത് ബോര്‍ഡ് കാരണമാണ്. ക്ഷേത്ര വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരു പൈസ പോലും എടുക്കുന്നില്ല. മാത്രമല്ല ബോര്‍ഡിന് സര്‍ക്കാര്‍ പണം അനുവദിക്കുന്നുമുണ്ട്. ദുഷ്ടലാക്കോടെ ചില വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!