ഇത്തവണത്തെ അയ്യന്‍കാളി ജയന്തി അവിട്ടാഘോഷം ജില്ലയില്‍ വിപുലമായ രീതിയില്‍ ആഘോഷിക്കും

അടിമാലി: ഇത്തവണത്തെ അയ്യന്‍കാളി ജയന്തി അവിട്ടാഘോഷം ജില്ലയില്‍ വിപുലമായ രീതിയില്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കഴിഞ്ഞതായി കെ പി എം നേതൃത്വം അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മഹാത്മ അയ്യന്‍ങ്കാളിയുടെ 162 മത് ജയന്തി അവിട്ടാ ഘോഷമാണ് ഇത്തവണ നടക്കുന്നത്. ആഘോഷ പരിപാടികള്‍ അടിമാലി, നെടുങ്കണ്ടം, തൊടുപുഴ, കുമളി എന്നിവിടങ്ങളിലായി നടക്കും.
നെടുങ്കണ്ടത്ത് മുന്‍ മന്ത്രിയും എം എല്‍ എയുമായ എം.എം മണി, തൊടുപുഴയില്‍ പി ജെ ജോസഫ് എം എല്‍ എ, കുമളിയില്‍ കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യന്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കെ പി എം എസ് ദേവികുളം യൂണിയന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ അഡ്വ. സി.കെ വിദ്യാ സാഗര്‍ ഉദ്ഘാടനം ചെയ്യും. പുഷ്പാര്‍ച്ചന, ഘോഷയാത്ര, അനുസ്മരണ സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികളായി അടിമാലിയില്‍ ഒരുക്കിയിട്ടുള്ളത്.
യൂണിയനിലെ വിവിധ ശാഖകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്ര തെയ്യം കാവടി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ വൈകിട്ട് മൂന്നിന് അമ്പലപ്പടിയില്‍ നിന്നും ആരംഭിക്കും. 5 മണിക്ക് സമ്മേളനം നടക്കും. യൂണിയന് പ്രസിഡന്റ് എം പി സുരേഷ് അധ്യക്ഷത വഹിക്കും. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, ഗ്രാമപഞ്ചായത്തംഗം കെ എസ് സിയാദ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കെ പി എം എസ് സംസ്ഥാന കമ്മറ്റി അംഗം കെ കെ രാജന് സന്ദേശം നല്‍കും.
തുടര്‍ന്ന് ഉപഹാര സമര്‍പ്പണം,വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ ആദരിക്കല്‍ എന്നിവ നടക്കുമെന്നും കെപിഎംഎസ് സംസ്ഥാന കമ്മറ്റി അംഗം കെ കെ രാജന്, യൂണിയന് പ്രസിഡന്റ് എം പി സുരേഷ്, യൂണിയന് സെക്രട്ടറി ബിജു ബ്ലാങ്കര, റ്റി കെ സുകുമാരന്‍, പി സി ബാബു, ഒ റ്റി വിജയന്, മഹേഷ് അടിമാലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.