ചലിക്കുന്ന മൊബൈല്‍ ടവറും ലോറിയും കാടുകയറി യും തുരുമ്പെടുത്തും നശിക്കുന്നു

മൂന്നാര്‍: മൂന്നാര്‍ ദേവികുളത്ത് അടിയന്തിര ഘട്ടങ്ങളില്‍ വാര്‍ത്ത വിനിമയ സംവിധാനം ലഭ്യമാക്കുന്നതിനായി അഞ്ചു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ വാങ്ങിയ ചലിക്കുന്ന മൊബൈല്‍ ടവറും ലോറിയും കാടുകയറി യും തുരുമ്പെടുത്തും നശിക്കുന്നു. ദേവികുളത്തെ ഇടമലക്കുടി ക്യാംപ് ഓഫിസിന് സമീപമാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനവും മൊബെല്‍ ടവറും ജനറേറ്ററും കാടുകയറിയും തുരുമ്പെടുത്തും കിടന്ന് നശിക്കുന്നത്.
2020 ഓഗസ്റ്റ് 6 നുണ്ടായ പെട്ടിമുടി സംഭവം വാര്‍ത്ത വിനിമയ സംവിധാനമില്ലാതിരുന്നതിനാല്‍ പിറ്റേന്നാണ് പുറം ലോകമറിഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വേഗത്തില്‍ സ്ഥലത്തെത്തി വിവരം പുറത്തറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോറിയില്‍ ഘടിപ്പിച്ച മൊബൈല്‍ ടവര്‍, ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സാമഗ്രികളുമായി ചലിക്കുന്ന മൊബൈല്‍ ടവര്‍ മൂന്നാറില്‍ എത്തിച്ചത്. എന്നാല്‍ എത്തിച്ച ശേഷം കാര്യമായി ഇതിന്റെ ഉപയോഗമുണ്ടായില്ല.
ഡിഎഫ്ഒ ഓഫീസിന് സമീപമുള്ള ഇടമലക്കുടി പഞ്ചായത്തിന്റെ ക്യാംപ് ഓഫിസിന്റെ പരിസരത്താണ് അഞ്ചു വര്‍ഷം മുന്‍പ് മൊബെല്‍ ടവര്‍ സംവിധാനമെത്തിച്ചത്. അഞ്ചു വര്‍ഷമായി ഒരെ സ്ഥലത്തു തന്നെ കിടക്കുന്ന ചലിക്കുന്ന മൊബൈല്‍ ടവര്‍ ഭൂരിഭാഗവും നശിച്ച നിലയിലാണ്.