HealthKeralaLatest NewsLocal news

ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചികിത്സാരീതിയായ ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പാറേമാവ് ആയുര്‍വേദ ആശുപത്രിയിലെ അസ്ഥി-സന്ധിരോഗ വിഭാഗത്തിനായുള്ള പ്രത്യേക ക്ലിനിക്കിൻ്റെയും നവീകരിച്ച നേത്രചികിത്സാ വിഭാഗത്തിൻ്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ആയുർവേദത്തിന്റെ ചികിത്സാരീതികൾ വിദേശികളെ പോലും ഇങ്ങോട്ട് ആകർഷിക്കും വിധത്തിലാണ്. നമ്മുടെ ആശുപത്രിയിലേക്ക് വരുന്ന സ്വദേശികളും വിദേശികളുടെയും എണ്ണം വർധിച്ചു വരുന്നുണ്ട്. ആയുഷ് സേവനങ്ങൾ ചെലവ് കുറച്ചു ഏറെ മെച്ചപ്പെട്ട രീതിയിലാണ് ലഭ്യമാകുന്നത്. 8 വർഷം മുൻപ് ഇരുപതിനായിരം കോടി രൂപ ആയിരുന്ന ആയുഷ് വ്യവസായത്തിന്റെ പ്രവർത്തനം ഇന്ന് ഒന്നര ലക്ഷം കോടി രൂപയുടെ മുകളിലായിരിക്കുന്നു എന്നതിൽ നിന്ന് ഈ രംഗത്തെ മാറ്റങ്ങൾ നമുക്ക് മനസ്സിലാക്കാം. ടൂറിസം മേഖലയിലും ആയുർവേദത്തിന്റെ പങ്കു ചെറുതല്ലെന്നും മന്ത്രി പറഞ്ഞു.  
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ പത്താമത് ദേശീയ ആയുര്‍വേദ ദിനാഘോഷ പരിപാടികളുടെയും പ്രമേഹരോഗികള്‍ക്കായുള്ള സ്പെഷ്യാലിറ്റി ഡയബറ്റിക്ക് ക്ലിനിക്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ജി. സത്യന്‍ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ദിനാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആശുപത്രിയില്‍ നടക്കുന്നത്. പ്രമേഹരോഗികള്‍ക്കായി പ്രത്യേക ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനവും വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു. ആരോഗ്യകരവും രുചികരവുമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ പാചകമത്സരവും സംഘടിപ്പിക്കും. ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് വിളര്‍ച്ചാ പരിശോധനാക്യാമ്പ് നടത്തും. സ്‌കൂള്‍തലത്തില്‍ പ്രബന്ധ രചനാമത്സരവും ആയുര്‍വേദ ഔഷധപരിചയ ക്വിസ് മത്സരവും ഉണ്ടാകും. സ്‌കൂളുകളില്‍ ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തുന്ന പരിപാടിയും ഇതിന്റെ ഭാഗമായി നടക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കും. ഒപ്പം, ട്രൈബല്‍ മേഖലകളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും ആയുര്‍വേദ ദിനാഘോഷത്തോടനുബന്ധിച്ചു നടക്കും.
യോഗത്തിൽ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹരിമോഹന്‍ സി.എം, ആശുപത്രിവികസനസമിതി അംഗങ്ങളായ എ. പി ഉസ്മാൻ, സണ്ണി ഇല്ലിക്കൽ, ഡോ. ആനന്ദ്, ഡോ. ദീപക്, ഡോ. ധന്യ, ഡോ. ശരണ്യ, ഡോ. ജ്യോതിസ്, യോഗ പരിശീലകൻ ദീപു, ആശുപത്രി ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!