ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയത് SUV മുതൽ ട്രക്ക് വരെ; വിൽക്കുന്നത് അഞ്ച് ഇരട്ടി വിലയ്ക്ക്

ഭൂട്ടാൻ സൈന്യം വിറ്റ് വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഇന്ത്യയിൽ അഞ്ചിരട്ടി വിലയ്ക്ക് വിറ്റഴിച്ചു. 150ഓളം വാഹനങ്ങളാണ് ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയത്. ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവ അടക്കമാണ് ഇന്ത്യയിലേക്ക് കടത്തിയത്. റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങളാണ് രാജ്യത്തേക്ക് എത്തിയത്.
ഭൂട്ടാൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉപയോഗിച്ച ആഡംബര വാഹനങ്ങളും കാർഗോ വാഹനങ്ങളും ഇന്ത്യയിലേക്ക് കടത്തിയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെൻസ് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഇന്ത്യയിലെത്തിക്കുന്ന വഹനങ്ങൾ ഹിമാചലിൽ രജിസ്ട്രർ ചെയ്ത ശേഷമാണ് വിൽപന നടത്തുന്നത്. ഹിമാചലിലെ എച്ച്പി 52 രജിസ്ട്രേഷനിലാണ് കൂടുതൽ വാഹനങ്ങളും രജിസ്ട്രർ ചെയ്തിട്ടുള്ളത്. കേരളത്തിലെത്തുന്ന വാഹനങ്ങൾ തിരുവനന്തപുരത്ത് എത്തിച്ച് റീ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്.
കേരളത്തിൽ ഇത്തരത്തിൽ 20ഓളം വാഹനങ്ങൾ വിറ്റഴിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇറക്കുമതി തീരുവ അടയ്ക്കാതെ കടത്തിക്കൊണ്ടുവരുന്ന വാഹനങ്ങൾ ഭൂട്ടാൻ റജിസ്ട്രേഷൻ നമ്പറിൽ ഇന്ത്യയിൽ സർവീസ് നടത്താൻ കഴിയില്ല. തുടർന്നാണ് വാഹന കടത്ത് സംഘം ഹിമിചലിൽ എത്തിച്ച് വ്യാജ മേൽവിലാസത്തിൽ രജിസ്ട്രേഷൻ നടത്തുന്നത്. ഭൂട്ടാൻ സൈന്യത്തിൽ നിന്ന് അഞ്ച് ലക്ഷത്തിന് വാങ്ങുന്ന വാഹനമാണ് വൻ തുകയ്ക്ക് രാജ്യത്തുടനീളം വിറ്റഴിക്കുന്നത്.
കേരളത്തിൽ 40 ലക്ഷത്തോളം രൂപയ്ക്കാണ് വാഹനം വിറ്റത്. കേരളത്തിൽ എൻഒസി ഉൾപ്പെടെയാണ് വിറ്റത്. ഇത്തരത്തിൽ വാഹന വിൽപന ശ്രദ്ധയിൽപ്പെട്ടതോടെയാണ് കസ്റ്റംസ് ഓപ്പറേഷൻ നംഖോർ എന്ന പേരിൽ രാജ്യ വ്യാപകമായി പരിശോധന നടത്തുന്നത്. വാഹനം വാങ്ങിയവരുടെ പട്ടിക കസ്റ്റംസ് ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്കും പരിശോധന എത്തിയത്. മലയാള സിനിമ നടന്മാരും വ്യവസായ പ്രമുഖരും ഇത്തരത്തിൽ വാഹനം വാങ്ങിച്ചതായാണ് കണ്ടെത്തൽ. നികുതി വെട്ടിച്ച് കണ്ണൂർ കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ വാഹനങ്ങളെത്തിച്ചത്. വാഹന ഷോറൂമുകളിലും കസ്റ്റംസിന്റെ പരിശോധന നടക്കുന്നുണ്ട്.