ബൈസണ്‍വാലി ഭാഗത്തേക്ക് രാത്രി ഏഴരക്കുണ്ടായിരുന്ന കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യം
അടിമാലി: അടിമാലിയില്‍ നിന്നും ബൈസണ്‍വാലി മുട്ടുകാട് ഭാഗത്തേക്ക് രാത്രി ഏഴരക്കുണ്ടായിരുന്ന കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. ബൈസണ്‍വാലി, മുട്ടുകാട് മേഖലയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിവസവും നിരവധിയാളുകളാണ് അയല്‍ജില്ലകളിലേക്കും ഇടുക്കിയുടെ തന്നെ വിവിധ ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്നത്. നാട്ടിലേക്കുള്ള മടക്കയാത്രയില്‍ ഇവരില്‍ പലരും രാത്രി വൈകിയാണ് അടിമാലിയില്‍ എത്തിച്ചേരാറുള്ളത്.
അത്തരം സാഹചര്യത്തില്‍ ബൈസണ്‍വാലിയിലേക്കും മുട്ടുകാട്ടിലേക്കുമൊക്കെയുള്ള യാത്രക്ക് സഹായിച്ചിരുന്ന രാത്രി ഏഴരക്കുണ്ടായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് കൊവിഡ് കാലത്തിന് ശേഷം നിലച്ചു പോയത്. കൊവിഡ് കാലത്തിന് മുമ്പ് വരെ മികച്ച രീതിയില്‍ നടന്നു വന്നിരുന്ന സര്‍വ്വീസ് കൊവിഡ് കാലത്ത് നിലച്ചു. പിന്നീട് നിരന്തരം ആവശ്യപ്പെട്ടിട്ടും ബസ് സര്‍വ്വീസ് പുനരാരംഭിച്ചില്ലെന്നും ബസ് സര്‍വ്വീസ് പുനരാരംഭിക്കാന്‍ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
നിലവില്‍ ആറരക്ക് ഒരു കെ എസ് ആര്‍ സി ബസ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ഈ ബസ് പണിമുടക്കിയാല്‍ വൈകിട്ട് 5.45നാണ് ബൈസണ്‍വാലി മേഖലയിലേക്കുള്ള അവസാന ബസ്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും വിദ്യഭ്യാസ ആവശ്യങ്ങള്‍ക്കുമൊക്കെ അയല്‍ ജില്ലകളില്‍ താമസിക്കുകയും വാരാന്ത്യങ്ങളില്‍ തിരികെയെത്തുകയും ചെയ്യുന്ന ആളുകള്‍ പ്രധാനമായി ആശ്രയിച്ചിരുന്ന ബസ് സര്‍വ്വീസാണ് നിലച്ചു പോയത്.
അടിമാലി മേഖലയിലേക്ക് ദിവസവും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വന്ന് പോകുന്നവര്‍ക്കും ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ക്കും രാത്രി 7.30ന്റെ ബസ് സര്‍വ്വീസ് ആശ്രയമായിരുന്നു. രാത്രി 7ന് ശേഷം അടിമാലിയില്‍ എത്തുന്നവര്‍ വലിയ തുക നല്‍കി വാഹനം വിളിച്ച് ബൈസണ്‍വാലി, മുട്ടുകാട് ഭാഗത്തേക്ക് പോകേണ്ടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് നിലച്ച ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്.



