ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ 2025ലെ കണക്കെടുപ്പ് പൂര്‍ത്തിയായി

മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ 2025ലെ കണക്കെടുപ്പ് പൂര്‍ത്തിയായി. പുതിയ 144 വരയാടിന് കുഞ്ഞുങ്ങളെ സെന്‍സസില്‍ കണ്ടെത്തി. ആകെ വരയാടുകളുടെ എണ്ണം 841 ആയി ഉയര്‍ന്നു.ലോകത്ത് ഏറ്റവും അധികം വരയാടുകള്‍ കാണപ്പെടുന്ന പ്രദേശമാണ് ഇരവികുളം. കഴിഞ്ഞ ഏപ്രില്‍ 24മുതല്‍ 27 വരെയാണ് വരയാടുകളുടെ കണക്കെടുപ്പ് നടന്നത്. പശ്ചിമഘട്ടത്തിന്റെ തെക്കു ഭാഗത്ത് കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ച് കിടക്കുന്ന മലനിരകളാണ് നീലഗിരി താറിന്റെ പ്രധാന ആവാസകേന്ദ്രം.
ഷെഡ്യൂള്‍ ഒന്നില്‍പെട്ട വരയാടിനെയും അവയുടെ ആവാസ വ്യവസ്ഥയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് സ്ഥാപിതമായത്. ബൗഡഡ കൗണ്ടിംഗ് ടെക്നിക്ക്, ക്യാമറ ട്രാപ്പ് എന്നീ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് വരയാടുകളുടെ എണ്ണം കണ്ടെത്തിയത്. 16 ബ്ലോക്കുകളിലായി പരിചയസമ്പന്നരായ വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ഫോറസ്ട്രി കോളജ് വിദ്യാര്‍ഥികള്‍, കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥര്‍ എന്നിവരടക്കം നൂറോളം പേര് കണക്കെടുപ്പില്‍ പങ്കെടുത്തു.
ബ്ലോക്കുകളില്‍ ക്യാമ്പ് ചെയ്ക്കാണ് കണക്കെടുപ്പ് നടത്തിയത്. 2005 മുതല്‍ തുടര്‍ച്ചയായി വനം വകുപ്പ് വരയാടുകളുടെ പോപ്പുലേഷന്‍ എസ്റ്റിമേഷന്‍ നടത്തിവരുന്നു. സൗത്ത് ഇന്ത്യയില്‍ കാണപ്പെടുന്ന ഏക മൗണ്ടന്‍ ഗോട്ടാണ് വംശനാശഭീഷണി നേരിടുന്നതും ഐ.യു.സി.എന്‍ റെഡ് ഡേറ്റ ബുക്കില്‍ ഉള്പ്പെടുത്തിരിക്കുന്നതുമായ വരയാട്.