സുരക്ഷാവേലിയുടെ അഭാവവും റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും ഒരു ജീവന്‍ കവര്‍ന്നെന്ന് പ്രദേശവാസികള്‍

അടിമാലി: അടിമാലി ടൗണില്‍ ബി എസ് എന്‍ എല്‍ ജംഗ്ഷന് സമീപത്തു നിന്നാരംഭിച്ച് കാംകോ റോഡിലേക്കെത്തുന്ന ബൈപ്പാസ് റോഡില്‍ സുരക്ഷാവേലിയുടെ അഭാവവും ഈ റോഡിലെ കലുങ്കിന് സമീപമുള്ള ഭാഗത്ത് റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും ഒരു ജീവന്‍ കവരാന്‍ ഇടവരുത്തിയെന്ന പരാതിയുമായി പ്രദേശവാസികള്‍ രംഗത്ത്.
ഇവിടെയായിരുന്നു ഇന്നലെ രാത്രിയില്‍ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. ബി എസ് എന്‍ എല്‍ ജംഗ്ഷന് സമീപത്തു നിന്നാരംഭിച്ച് കാംകോ റോഡിലേക്കെത്തുന്ന ബൈപ്പാസ് റോഡിലാണ് അപകടക്കെണിയുള്ളത്. ഈ റോഡിന്റെ ഒരു വശത്തുകൂടി കൈത്തോടൊഴുകുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ വാഹനം റോഡില്‍ നിന്ന് താഴേക്ക് പതിച്ചാല്‍ വലിയ അപകടം സംഭവിക്കും. ഈ ഭാഗത്തൊന്നും സുരക്ഷാവേലിയില്ല. ഇതിനൊപ്പമാണ് ഈ റോഡിലെ കലുങ്കിന് സമീപമുള്ള ഭാഗത്ത് റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത യാത്രകാര്‍ക്ക് വിനയാകുന്നത്.
ചെറിയ ഒരു വളവോട് കൂടിയ ഭാഗത്താണ് കലുങ്കുള്ളത്. റോഡിനെ അപേക്ഷിച്ച് കലുങ്കിന് വീതി കുറവുണ്ട്. അതു കൊണ്ട് തന്നെ കലുങ്കിന്റെ വീതി കുറവും വളവുമറിയാതെ എത്തുന്നവര്‍ റോഡിന്റെ തുറസ്സായ ഭാഗത്തു കൂടി തോട്ടിലേക്ക് പതിക്കാന്‍ സാധ്യത നിലനില്‍ക്കുന്നു. ഇവിടെയായിരുന്നു ഇന്നലെ രാത്രിയില്‍ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്.

മുമ്പും ഇവിടെ സമാന രീതിയില്‍ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.കലുങ്കിന് സമീപം റോഡവസാനിക്കുന്ന തുറസ്സായ ഭാഗത്ത് സുരക്ഷാ വേലി സ്ഥാപിക്കണം. രാത്രികാലത്തെ വെളിച്ചകുറവും അപകട സാധ്യത ജനിപ്പിക്കുന്നു. വളവും കലുങ്കിന്റെ വീതി കുറവും സൂചിപ്പിച്ച് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നു. ബന്ധപ്പെട്ടവരുടെ അടിയന്തിര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.