KeralaLatest News

കോതമംഗലം ഭക്തി സാന്ദ്രം… ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയേറി

കോതമംഗലം: ആഗോള സർവ്വമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 340-ാം മത് ഓർമ്മപ്പെരുന്നാളിന് ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിയാക്കി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി കൊടിയുയർത്തി.

പരിശുദ്ധ ബാവായുടെ പാദ സ്പർശനത്താൽ അനുഗ്രഹീതമായ കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലിൽ നിന്നു പ്രദക്ഷണമായി പള്ളിയിൽ എത്തിച്ചേർന്ന് ധൂപ പ്രാർഥനയ്ക്ക് ശേഷമാണ് കൊടിയുയർത്തിയത്.

പ്രാർഥനയ്ക്ക് കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോർ യൂലിയോസ് തിരുമേനി പ്രധാന കാർമികത്വം വഹിച്ചു. സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ കെ. കെ. ജോസഫ്, എബി ചേലാട്ട്, വർക്കിങ് കമ്മിറ്റിയംഗങ്ങൾ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

സഭയിലെ അനേകം വൈദീകർ, കോതമംഗലം എംഎൽഎ ആന്‍റണി ജോൺ, പെരുമ്പാവൂർ എംഎൽഎ അഡ്വ. എൽദോസ് കുന്നപ്പിള്ളി, മുവാറ്റുപുഴ എംഎൽഎ അഡ്വ. മാത്യു കുഴൽനാടൻ, മുൻ മന്ത്രി ടി.യു. കുരുവിള, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, ഷിബു തെക്കും പുറം, ഷമീർ പനയ്ക്കൻ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ഗവർമെന്‍റിന്‍റെ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, ജന പ്രതിനിധികൾ, മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

കൊടി ഉയർത്തലിനു ശേഷം കരിങ്ങാച്ചിറ ദൈവാലയത്തിൽ നിന്നും പ്രത്യേകം തയാറാക്കി കൊണ്ടുവന്ന തമുക്ക് നേർച്ച ഭക്തജനങ്ങൾക്കായി നൽകി. ബാവ കോതമംഗലത്ത് എത്തി ചേർന്നപ്പോൾ ബാവയെ കണ്ട് അനുഗ്രഹം പ്രാപിക്കാനായി കരിങ്ങാച്ചിറയിൽ നിന്നും വന്ന വിശ്വാസികൾ കൊണ്ടു വന്ന പലഹാരത്തിന്‍റെ അനുസ്മരണയിലാണ് തമുക്ക് നേർച്ച നൽകുന്നത്. കരിങ്ങാച്ചിറയിൽ നിന്നും വികാരിമാരായ ഫാ. ടിജോ മർക്കോസ്, ഫാ. റിജോ ജോർജ്, ഫാ. ബേസിൽ ഷാജു, ട്രസ്റ്റിമാർ, അൽമായ വൈസ് പ്രസിഡന്‍റ്, സംഘടന ഭാരവാഹികളും എത്തിച്ചേർന്നു.

യൽദോ ബാവ കാലം ചെയ്ത സമയത്ത് സ്വയം പ്രകാശം പരത്തിയ കൽക്കുരിശിലെ പെരുന്നാൾ വെള്ളിയാഴ്ച നടത്തപ്പെടും. വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് സിംഹാസന പള്ളികളുടെ മെത്രാ പ്പോലീത്തയ അഭി. ഗീവറുഗീസ് മോർ അത്താനാസിയോസ് തിരുമേനി പ്രധാന കാർമികത്വം വഹിക്കും. ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് പെരുന്നാൾ കച്ചവടത്തിനുള്ള സ്റ്റാൾ ലേലം ഉണ്ടായിരിക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!