മറുകര കടക്കാന്‍ പാലമില്ല; ഉള്ളത് നാട്ടുകാര്‍ വെട്ടിയിട്ട കമുകിന്‍തടികള്‍ മാത്രം; കമ്പിലൈന്‍, ഉണ്ണിക്കുഴി നിവാസികള്‍ ദുരിതത്തില്‍

മാങ്കുളം: മറുകര കടക്കാന്‍ ഒരു പാലം ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നവരാണ് പള്ളിവാസല്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കമ്പിലൈന്‍, ഉണ്ണിക്കുഴി മേഖലയിലെ കുടുംബങ്ങള്‍. കമ്പിലൈന്‍, ഉണ്ണിക്കുഴി മേഖലകളിലെ ആളുകള്‍ കല്ലാര്‍ വട്ടിയാര്‍ മേഖലയിലൂടെ ദേശിയപാതയിലേക്കെത്തുന്ന റോഡിന് കുറുകെയാണ് മുതിരപ്പുഴയുടെ കൈവഴിയായ വട്ടയാര്‍ ഒഴുകുന്നത്.ഈ പുഴക്ക് കുറുകെയാണ് പാലം നിര്‍മ്മിക്കേണ്ടത്.
പാലമില്ലാത്തതിനാല്‍ സ്വന്തമായി നിര്‍മ്മിച്ച താല്‍ക്കാലിക പാലത്തെ ആശ്രയിച്ചാണ് കുടുംബങ്ങള്‍ മറുകര കടക്കുന്നത്. മഴക്കാലങ്ങളില്‍ ഈ പുഴയില്‍ ശക്തമായ വെള്ളമൊഴുക്കുണ്ട്. തോട്ടം, കാര്‍ഷിക മേഖലയായ ഇവിടെ കുടിയേറ്റകാലത്തിന് ശേഷം നടപാതയുടെ വീതി കൂട്ടി നിര്‍മ്മാണം നടത്തിയെങ്കിലും പുഴക്ക് കുറുകെ പാലം നിര്‍മ്മിച്ചിട്ടില്ല. ചപ്പാത്തിന് സമാനമായ രീതിയില്‍ കല്ലുകള്‍ നിരത്തി വെള്ളം കുറവുള്ള സമയത്ത് നാട്ടുകാര്‍ വാഹനങ്ങള്‍ മറുകര കടത്തും. എന്നാല്‍ മഴക്കാലമായി നീരൊഴുക്ക് വര്‍ദ്ധിച്ചാല്‍ ഇതും നിലക്കും. പിന്നെയുള്ള ഏക ആശ്രയം നാട്ടുകാര്‍ തന്നെ കമുങ്ങിന്‍ തടി കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ താല്‍ക്കാലിക പാലമാണ്.
കൈവരികളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത ഈ പാലത്തിലൂടെയാണ് കൊച്ചു കുട്ടികളും പ്രായമായവരും അടക്കമുള്ളവരുടെ സാഹസിക യാത്ര.
കാലൊന്ന് തെറ്റിയാല്‍ കമുങ്ങിന്‍ തടി കൂട്ടിക്കെട്ടിയ പാലത്തില്‍ നിന്നും വെള്ളത്തില്‍ പതിക്കും. മഴക്കാലത്ത് ജലനിരപ്പ് ഉയരുന്നതോടെ പലപ്പോഴും നാട്ടുകാരുടെ തടിപ്പാലം ഒഴുകി പോകുന്നതും പതിവാണ്. പിന്നെ വെള്ളമിറങ്ങിയതിന് ശേഷം മാത്രമേ താല്‍ക്കാലിക പാലം നിര്‍മ്മാണം നടക്കൂ.
മാത്രവുമല്ല ചെറിയ പാലത്തില്‍ നിന്നും ആളുകള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സുരക്ഷിത യാത്രക്കൊരു പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ഇനി മുട്ടാന്‍ വാതിലുകള്‍ ബാക്കിയില്ല. കല്ലാര്‍, വട്ടിയാര്‍ മേഖലയിലെ ആളുകള്‍ക്ക് കമ്പിലൈന്‍ മേഖലയിലേക്കെത്തുന്നതിനും വട്ടയാറിന് കുറുകെ പാലം നിര്‍മ്മിച്ചാല്‍ സഹായകരമാകും