മൂന്നാര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദിയുടെ നിറവില്‍

മൂന്നാര്‍: മൂന്നാറിലെ ആദ്യത്തെ വിദ്യാലയമായ മൂന്നാര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദിയുടെ നിറവില്‍. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ 12-ാം വാര്‍ഡിലാണ് മൂന്നാര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. 1926ല്‍ പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിനും കൊച്ചി മൂന്നാര്‍ റോഡിനും ഇടയില്‍ സ്ഥിതി ചെയ്തിരുന്ന മനോഹരമായ പ്രദേശത്തെ ഒരു ബഹുനില തേയില ഫാക്ടറി കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
1924ലെ മഹാപ്രളയത്തില്‍ പ്രവര്‍ത്തനം നിലച്ച ഫാക്ടറിയാണ് പഠനത്തിനായി വിട്ടുനല്‍കിയത്. സ്‌കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ തിരുവിതാംകൂര്‍ രാജ്യത്തെ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ വി ഐ തോമസിന്റെ മകന്‍ ജോണ്‍ തോ മസ് ആയിരുന്നു. തുടര്‍ന്ന് 1955ല്‍ ഹൈസ്‌കൂളും തമിഴ് പ്രൈമറി സ്‌കൂളും തിരു കൊച്ചി സര്‍ക്കാര്‍ ഏറ്റെടുത്തു. സ്‌കൂള്‍ ഇന്ന് ശതാബ്ദി നിറവിലാണ്. നൂറാം പിറന്നാള്‍ ഒരു വര്‍ഷം നീളുന്ന രീതിയില്‍ ആഘോഷിക്കാനാണ് തീരുമാനം. കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട മൂന്നാര്‍ സ്‌കൂള്‍ ഇംഗ്ലീഷ്, തമിഴ്, മലയാളം മീഡിയങ്ങളിലായി അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ 680ഓളം വിദ്യാര്‍ഥികളും 47 ജീവനക്കാരും കൂടാതെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും ടി.ടി.ഐയും ചേര്‍ന്ന് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആന്‍ഡ് ടി.ടി.ഐ എന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി ഇന്ന് നിലകൊള്ളുന്നു.
ടി. ടി.ഐയില്‍ 44 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ് ഉള്ളത്. നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മൂന്നാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ജില്ല പഞ്ചായത്ത് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും.