KeralaLatest NewsLocal news

സ്‌കൂളുകളുടെയും അങ്കണവാടി കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ


ഇടുക്കി : ജില്ലയില്‍ അപകടാവസ്ഥയിലുള്ള സ്‌കൂള്‍, അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ കെട്ടിടങ്ങളോട് ചേര്‍ന്ന് വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നുണ്ടോ എന്ന് പരിശോധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയില്‍ 45 സ്‌കൂള്‍ കെട്ടിടങ്ങളില്‍ ചെറിയ രീതിയില്‍ കേടുപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 25 കെട്ടിടങ്ങള്‍ക്ക് ഭാഗികമായ കേടുപാടുകളാണുള്ളത്. ഇവ അറ്റകുറ്റപ്പണി നടത്തി ഉപയോഗക്ഷമമാക്കാവുന്നതാണ്. അപകട സാധ്യതയുള്ള കെട്ടിടങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാനും യോഗത്തില്‍ നിര്‍ദേശിച്ചു. 
കോടതി വിധിയെ തുടര്‍ന്ന് നിര്‍മ്മാണം നിലച്ച മൂന്നാര്‍ ദേശീയപാതയുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു.


മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗ ശല്യം കുറയ്ക്കുന്നതിന് ഔഷധ സസ്യ കൃഷി ആരംഭിക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. ഔഷധ സസ്യ കൃഷിയിലൂടെ വന്യമൃഗ ശല്യം കുറയ്ക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് മികച്ച വരുമാനവും നേടാനാകും. ഔഷധ സസ്യങ്ങളുടെ വിപണനത്തിനും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി പ്രത്യേക സൊസൈറ്റി രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വിദഗ്ധരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്താമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. 


ഇടമലക്കുടി മേഖലയില്‍ റോഡ് നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കമെന്ന് എ.രാജ എം.എല്‍.എ നിര്‍ദേശം നല്‍കി. അടിമാലി മേഖലയില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മ്മാണം തടസപ്പെട്ടതു സംബന്ധിച്ച് നടപടി സ്വീകരിക്കണം. കൈവശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ലൈഫ് വീടുകളുടെ നിര്‍മ്മാണം മുടങ്ങിയത്. ലൈഫ് വീടുകള്‍ക്ക് മറ്റൊരു അനുമതിയുടെയും ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും എംഎല്‍എ പറഞ്ഞു. 

ജില്ലയിലെ തോട്ടം മേഖലയിലടക്കം ജോലി ചെയ്യുന്നതിന് തൊഴിലാളികളെ വാഹനങ്ങളില്‍ കുത്തി നിറച്ചു കൊണ്ടുവരുന്നത് വലിയ അപകടത്തിനിടയാക്കുമെന്നും ഇക്കാര്യത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശനമായ പരിശോധന നടത്തണമെന്നും എം.എം മണി എംഎല്‍എ നിര്‍ദേശിച്ചു.
അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗവും ക്രമസമാധാന പ്രശ്‌നങ്ങളും നിയന്ത്രിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.


ഡിടിപിസിയുടെ കീഴിലുള്ള ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളോട് ചേര്‍ന്ന് സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും കളക്ടര്‍ നിര്‍ദേശിച്ചു. 


കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!