KeralaLatest NewsLocal news

പാലിയേറ്റീവ് കുടുംബസംഗമം നടന്നു ; കേരളത്തിന്റെ ആരോഗ്യരംഗം മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ


ഇടുക്കി : മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോഗ്യരംഗം എല്ലാവര്‍ക്കും മാതൃകയാകുന്നുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തിയും പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടെ വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കിയും കേരളം മുന്നേറുകയാണ്. ആരോഗ്യരംഗത്തെ പ്രവര്‍ത്തനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും അത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

 തടിയമ്പാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് രോഗികള്‍ക്ക് നല്‍കുന്ന ശാരീരിക പരിചരണത്തേക്കാള്‍ പ്രധാനപ്പെട്ടതാണ് അവര്‍ക്ക് നല്‍കുന്ന മാനസിക പിന്തുണ. രോഗികളുടെ സുമൂഹ്യബന്ധം ഉറപ്പിക്കാനും മാനസികോല്ലാസത്തിനും വേണ്ടി രോഗികളുടെയും കുടുംബങ്ങളുടെയും ഒരുദിനം എന്ന ലക്ഷ്യത്തിലാണ് സംഗമം സംഘടിപ്പിച്ചത്. ജന്മനാല്‍ രോഗികളായവര്‍, പ്രായത്തിന്റേതായ രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിങ്ങനെ 118 അംഗങ്ങളാണ് വാഴത്തോപ്പ് പഞ്ചായത്തിന്റെ പാലിയേറ്റീവ് കുടുംബത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്നു വയസ്സ് പ്രായം മുതല്‍ 103 വയസ്സ് പ്രായമുള്ളവര്‍ വരെ പാലിയേറ്റീവ് പരിചരണത്തില്‍ കഴിയുന്നുണ്ട്.


  ജില്ലാ ഡി.റ്റി.ഒ. ഡോ. ആശിഷ് മോഹന്‍കുമാര്‍ പരിപാടിയില്‍ ക്ഷയരോഗത്തെ സംബന്ധിച്ച് സന്ദേശം നല്‍കി. പാലിയേറ്റീവ് അംഗമായ 100 വയസ്സ് പ്രായമുള്ള അയ്യപ്പനെയും പാലിയേറ്റീവ് നേഴ്സായ ഷിന്റുവിനെയും സംഗമത്തില്‍ മന്ത്രി ആദരിച്ചു. പാലിയേറ്റീവ് അംഗങ്ങളുടെ വിവിധങ്ങളായ മത്സരങ്ങളും കലാപരിപാടികളും നടന്നു. സംഗമത്തോട് അനുബന്ധിച്ച് സൗജന്യമായി ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു. സംഗമത്തില്‍ പങ്കെടുത്ത എല്ലാ പാലിയേറ്റീവ് അംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.


സംഗമത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം സിജി ചാക്കോ, ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ആലീസ് ജോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ഏലിയാമ്മ ജോയി, വാര്‍ഡ് മെമ്പര്‍മാരായ രാജു കല്ലറയ്ക്കല്‍, പ്രഭാ തങ്കച്ചന്‍, സെലിന്‍ വി. എം, നിമ്മി ജയന്‍, വിന്‍സന്റ് വള്ളാടി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആല്‍ബര്‍ട്ട് ജെ. തോട്ടുപാട്ട്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍, പാലിയേറ്റീവ് അംഗങ്ങള്‍, വാഴത്തോപ്പ് സെന്റ്.ജോര്‍ജ് സ്‌കൂളിലെ എന്‍ സി സി കേഡറ്റുകള്‍ പങ്കെടുത്തു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!