
അടിമാലി: ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ ജോലികള്‍ നിലച്ചിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ റോഡ് കടന്നു പോകുന്ന ഭാഗം വനമല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കണമെന്നും വിഷയത്തില്‍ മുമ്പ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്ങ് മൂലം തിരുത്തി നല്‍കാന്‍ തയ്യാറാകണമെന്നുമാണ് ആവശ്യം.ഈ വിഷയത്തിലുള്ള കേസ് മുമ്പ് കോടതി പരിഗണിച്ചപ്പോള്‍ റോഡ് കടന്നു പോകുന്ന ഭാഗം വനമല്ലെന്ന് സര്‍ക്കാര്‍ പ്രതിനിധി കോടതിയെ വാക്കാല്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യം രേഖാമൂലം നല്‍കണമെന്നാണ് കോടതി അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഈ തിരുത്തല്‍ സത്യവാങ്ങ് മൂലം നല്‍കുന്നത് വൈകിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ദേശിയപാത സംരക്ഷണ സമിതിയുമെല്ലാം വിഷയത്തില്‍ തുടര്‍പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുകയാണ്. നാളെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
30ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇരുമ്പുപാലത്ത് ദേശിയപാത ഉപരോധിക്കും. തുടര്‍ പ്രക്ഷോഭ പരിപാടികളില്‍ തീരുമാനം കൈകൊള്ളാന്‍ ദേശിയപാത സംരക്ഷണ സമിതി അടുത്തമാസം വിശാല കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ ജോലികള്‍ നിലച്ചിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. റോഡിന്റെ പല ഭാഗങ്ങളും വലിയ തോതില്‍ ടാറിംഗ് ഇളകി യാത്ര ദുഷ്‌ക്കരമായിട്ടുണ്ട്. പാതക്ക് വീതിയില്ലാത്തതിനാല്‍ വനമേഖലയില്‍ ഗതാഗതകുരുക്കും രൂക്ഷമാണ്.