HealthKeralaLatest NewsLocal news

ജില്ലയില്‍ ഭക്ഷ്യസുരക്ഷാ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി

ഭക്ഷ്യസുരക്ഷാ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഭക്ഷ്യ ഉപദേശക സമിതി യോഗം തീരുമാനിച്ചു. ഭക്ഷ്യ വിഷബാധ പോലെയുള്ള സംഭവങ്ങള്‍ ഒരു കാരണവശാലും ജില്ലയില്‍ ഉണ്ടാകരുതെന്നും ഭക്ഷ്യ വസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ക്കശമായ നിയമപരമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഇത്തരം കാര്യങ്ങളില്‍ പോലീസിന് വിവരം നല്‍കിയാല്‍ ഉചിതമായ നടപടി എടുക്കുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ജൂണ്‍ മാസത്തിന് ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പ് 479 ഭക്ഷ്യോത്പാദക വിതരണ മേഖലയിലുള്ള സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി 125 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേയ്ക്ക് അയച്ചു.  ഈ സാമ്പിളുകളില്‍ ആറെണ്ണം സുരക്ഷിതമല്ലെന്ന് (അണ്‍സേഫ്)  ആയി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അസ്സിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. കൂടിയ അളവില്‍ ടാര്‍ട്രാസിന്‍ അടങ്ങിയ മിക്‌സചര്‍, റസ്‌ക് എന്നിവ ഇതിലുള്‍പ്പെടുന്നു. ഇവയുടെ വില്‍പ്പന ജില്ലയില്‍ നിരോധിച്ചു. ഇക്കാലയളവില്‍ ജില്ലയില്‍ 44 പരാതികള്‍ ലഭിച്ചു. 35 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവയില്‍ നടപടി സ്വീകരിച്ചുവരുന്നു. പരിശോധനകളില്‍ ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും 287000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

കൃത്രിമ നിറം നല്‍കുന്നതിനാണ് ടാര്‍ട്രാസിന്‍ ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കൂടുതല്‍ അളവിലുള്ള ഉപയോഗം അലര്‍ജിക്ക് കാരണമാകും. സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ ഇത് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. സുരക്ഷിത ഭക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കണം.  ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ ലേബല്‍ വിവരങ്ങള്‍ ശ്രദ്ധിക്കുക, ഷുഗര്‍, ഓയില്‍ എന്നിവയുടെ അമിത ഉപയോഗത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെ പ്രചാരണങ്ങള്‍ നടത്തണം.

ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാനത്ത് ഉല്‍പ്പാദിക്കപ്പെടുന്നതും മറ്റ് സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച് കേരളത്തില്‍ വില്‍പ്പന നടത്തുന്നതുമായ വെളിച്ചെണ്ണയുടെ ഗുണനിലവാരം, ശുദ്ധത എന്നിവ ഉറപ്പുവരുത്തുന്നതിനായും, വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കല്‍ തടയുന്നതിനുമായി പ്രത്യേക പരിശോധനകള്‍ നടത്തി. 31 പരിശോധനകളിലായി നാല് സാമ്പിളുകള്‍ ശേഖരിച്ചു. 2 സ്ഥാപനങ്ങള്‍ക്ക്  നോട്ടീസ് നല്‍കി. കഴിഞ്ഞ ആഗസ്റ്റ് 26 ന് വെളിച്ചെണ്ണ ഉല്‍പ്പാദന വിതരണ സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കോക്കനട്ട് ടെസ്റ്റ ഓയിലിന്റെ 90 കിലോ പിടിച്ചെടുത്തു. ഇതില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് കൊച്ചി ഇന്റര്‍ഫീല്‍ഡ് ലാബില്‍ പരിശോധനയ്ക്ക് അയച്ചു. കൂടാതെ 16.5 ലിറ്റര്‍ വെളിച്ചെണ്ണയും ഉത്തരത്തില്‍ പിടിച്ചെടുത്ത് സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതില്‍  കോക്കനട്ട് ടെസ്റ്റ ഓയില്‍ നിലവാരമില്ലാത്തതാണെന്ന് ലാബ് റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഓണക്കാലത്ത് വിപണിയില്‍ ലഭ്യമായ വിവിധ ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തു ന്നതിനായി ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 3 വരെ പ്രത്യേക ഓണം സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചു. 170 പരിശോധനകള്‍ നടത്തുകയും 26 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കുകയും ചെയ്തു. 8 സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുകയും 44 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
ഓണക്കാലത്ത് അന്യസംഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് വരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കുന്നതിനായി ആഗസ്റ്റ് 31ന് രാവിലെ 6 മണി മുതല്‍ സെപ്റ്റംബര്‍ 4 ന് രാവിലെ 6 മണി വരെ കുമളി ചെക്ക് പോസ്റ്റില്‍ പരിശോധനകള്‍ നടത്തി. 168 വാഹനങ്ങള്‍ പരിശോധിച്ച് പാല്‍, പാലുല്‍പ്പന്നങ്ങളുടെ 61 സാമ്പിളുകളും, എണ്ണയുടെ 1 സാമ്പിളും, പച്ചക്കറിയുടെ 21 സാമ്പിളുകളും, മറ്റ് ഭക്ഷ്യവസ്തുക്കളുടെ 16 സാമ്പിളുകളും പരിശോധിച്ചു.

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും, ഭക്ഷ്യവിഷബാധപോലുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി തെരുവുകച്ചവടക്കാര്‍, ഹോംസ്റ്റേ, ഹോട്ടല്‍ മുതലായവയിലെ ജീവനക്കാര്‍, ഫാക്ടറി സൂപ്രവൈസര്‍, അങ്കണവാടി ജീവനക്കാര്‍, ചില്ലറ വില്‍പ്പനക്കാര്‍ തുടങ്ങിയ വിവിധ ശ്രേണികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പരിശീലനം ജില്ലയില്‍ സംഘടിപ്പിച്ചു. ചെറുകിടസംരംഭകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തിയതായും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!