വാക്സിൻ ഇല്ലാതെ നിയന്ത്രിക്കാനാകില്ല; ഇക്കൊല്ലം മുണ്ടിനീരു ബാധിച്ചത് 23,000 കുട്ടികളെ

സംസ്ഥാനത്ത് മുണ്ടിനീരു നിയന്ത്രിക്കാനാകുന്നില്ല. ഈ വർഷം 23,000-ലേറെ കുട്ടികൾക്ക് രോഗം ബാധിച്ചു. ഈ മാസം അറുനൂറോളം പേരാണു ചികിത്സ തേടിയത്. സർക്കാർ ആശുപത്രി വഴിയുള്ള സൗജന്യ വാക്സിൻ നിർത്തിയതാണ് രോഗവ്യാപനത്തിനു കാരണമായി ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
കഴിഞ്ഞവർഷം 70,000-ലേറെപ്പേർക്ക് രോഗം ബാധിച്ചിരുന്നു. ഇതേത്തുടർന്ന്, സൗജന്യ വാക്സിൻ വീണ്ടും കൊടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും അനുകൂല നടപടിയുണ്ടായില്ല. സ്വന്തംനിലയ്ക്ക് വാക്സിനെത്തിക്കാൻ സംസ്ഥാനവും തയ്യാറായില്ല. അതിനാൽ, ഇക്കൊല്ലവും കൂടുതൽ കുട്ടികളെ രോഗം ബാധിക്കുന്ന സ്ഥിതിയാണ്. അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവ പ്രതിരോധിക്കാൻ സർക്കാർ ആശുപത്രികൾ വഴി നേരത്തേ എംഎംആർ വാക്സിൻ സൗജന്യമായി നൽകിയിരുന്നു. എന്നാൽ, 2017 മുതൽ സാർവത്രിക വാക്സിനേഷൻ പട്ടികയിൽനിന്ന് കേന്ദ്രം ഇതു നീക്കി. പകരം, മീസിൽസ്, റുബെല്ല എന്നിവ പ്രതിരോധിക്കാനുള്ള എംആർ വാക്സിൻ മാത്രമാക്കി. മുണ്ടിനീര് ഗുരുതര രോഗമല്ലെന്നും വാക്സിന് 100 ശതമാനം പ്രതിരോധശേഷിയില്ലെന്നും വിലയിരുത്തിയായിരുന്നു നടപടി. അതിനുശേഷമാണ് മുണ്ടിനീര് വ്യാപകമായത്.
അങ്കണവാടി-സ്കൂൾ കുട്ടികളിൽ അടുത്തിടെ രോഗം കൂടി. കഴിഞ്ഞദിവസങ്ങളിൽ ആലപ്പുഴ ജില്ലയിൽ 30 അങ്കണവാടികളും എട്ടു സ്കൂളുകളും അടച്ചിട്ടു. രോഗം നിയന്ത്രിക്കാൻ കഴിയാത്തതിനാൽ കൂടുതൽ സ്കൂളുകൾ അടച്ചിടേണ്ട സ്ഥിതിയാണ്.
വായുവിലൂടെ പകരുന്ന മുണ്ടിനീര്, സാധാരണ മാരകമാകാറില്ല. കേൾവിത്തകരാർ, ഭാവിയിൽ പ്രത്യുത്പാദന തകരാർ എന്നിവയ്ക്കു സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമായ മസ്തിഷ്കജ്വരമായി മാറാം. പാരമിക്സോ വൈറസാണ് രോഗം പരത്തുന്നത്.