ദേശിയപാതയിലെ നിര്‍മ്മാണ പ്രതിസന്ധി; കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടിമാലി ഇരുമ്പുപാലത്ത് ദേശിയപാത ഉപരോധിച്ചു

അടിമാലി: ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ ജോലികള്‍ നിലച്ചിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ഈ നിര്‍മ്മാണ പ്രതിസന്ധിയില്‍ പരിഹാരം കാണുന്നത് വൈകുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ കോടതിയില്‍ ഉണ്ടാകേണ്ടുന്ന സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നുവെന്ന ആക്ഷേപം ശക്തമായിട്ടുള്ളത്.
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ റോഡ് കടന്നു പോകുന്ന ഭാഗം വനമല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കണമെന്നും വിഷയത്തില്‍ മുമ്പ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്ങ് മൂലം തിരുത്തി നല്‍കാന്‍ തയ്യാറാകണമെന്നുമാണ് ആവശ്യം. ഈ ആവശ്യമുയര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് അടിമാലി ഇരുമ്പുപാലത്ത് ദേശിയപാത ഉപരോധിച്ചത്. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമിച്ചത് സംഘര്‍ഷാവസ്ഥക്ക് ഇടവരുത്തി. ഉപരോധ സമരത്തെ തുടര്‍ന്ന് ദേശിയപാതയില്‍ അരമണിക്കൂറോളം സമയം ഗതാഗതം തടസ്സപ്പെട്ടു. കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നിരവധി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരും പോഷക സംഘടനാ ഭാരവാഹികളും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
ദേശിയപാത വിഷയത്തിലുള്ള കേസ് മുമ്പ് കോടതി പരിഗണിച്ചപ്പോള്‍ റോഡ് കടന്നു പോകുന്ന ഭാഗം വനമല്ലെന്ന് സര്‍ക്കാര്‍ പ്രതിനിധി കോടതിയെ വാക്കാല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം രേഖാമൂലം നല്‍കണമെന്നാണ് കോടതി അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഈ തിരുത്തല്‍ സത്യവാങ്ങ് മൂലം നല്‍കുന്നത് വൈകിപ്പിക്കുന്നുവെന്നാണ് ആക്ഷേപം