ഇടുക്കി രൂപത കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ രൂപതാ കലോത്സവം നാളെ പാറത്തോട്ടില്‍ നടക്കും

അടിമാലി: ഇടുക്കി രൂപത കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ രൂപതാ കലോത്സവം നാളെ പാറത്തോട്ടില്‍ നടക്കും. പാറത്തോട് സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും പാറത്തോട് സെന്റ് ജോര്‍ജ്ജ് പള്ളി പാരിഷ് ഹാളിലുമായിട്ടാണ് നാളെ ഇടുക്കി രൂപത കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ രൂപതാ കലോത്സവം നടക്കുന്നത്. രൂപതയിലെ 52 ഇടവകകളില്‍ നിന്നുള്ള ആയിരത്തിലധികം യുവ കലാപ്രതിഭകള്‍ എ ബി വിഭാഗങ്ങളിലായി കലോത്സവത്തില്‍ മാറ്റുരക്കും.
കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ പാറത്തോട് സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ നിര്‍വ്വഹിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ എം, രൂപതാ മെത്രാന്‍ മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ നാലാമത്തെ കലോത്സവമാണ് ഇത്തവണ നടക്കുന്നത്. ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവും കലോത്സവത്തിലൂടെ കെ സി വൈ എം ലക്ഷ്യമിടുന്നു.
പതിനാലോളം വ്യക്തിഗത ഇനങ്ങളിലും പതിനൊന്നോളം ഗ്രൂപ്പിനങ്ങളിലും മത്സരങ്ങള്‍ നടക്കും. രചനാ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. സമാപന ചടങ്ങില്‍ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍ എബ്രഹാം പുറയാട്ട്, മോണ്‍ ജോസ് നരിതൂക്കില്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും കെ സി വൈ എം രൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മനക്കലേട്ട്്, അനിമേറ്റര്‍ സിസ്റ്റര്‍ ലിന്റ എസ് എ ബി എസ്, സാം സണ്ണി, അമല്‍ ജിജു ജോസഫ്, സൗപര്‍ണ്ണിക സന്തോഷ്, അലക്‌സ് തോമസ്, ഡമില്‍ കെ ഷിബു തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.