പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള കര്‍ഷക കോണ്‍ക്ലേവ് അടിമാലിയില്‍ ഈ മാസം 3ന്

അടിമാലി: ഭൂ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ഈ മാസം 3ന് കര്‍ഷക കോണ്‍ക്ലേവ് സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂ നിയമ ഭേതഗതി വിഷയത്തിലടക്കം വിമര്‍ശനങ്ങളും ആശങ്കകളും ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ കൂടിയാണ് അടിമാലിയില്‍ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ ഈ മാസം 3ന് കര്‍ഷക കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. നിര്‍മ്മാണ നിരോധനമടക്കം ഏര്‍പ്പെടുത്തി ഇടതു സര്‍ക്കാര്‍ ജില്ലയിലെ ആളുകളെ പ്രതിസന്ധിയിലാക്കിയെന്നും ജില്ലക്ക് മേല്‍ കരി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നുമാണ് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും വാദം.
ദേശിയ പാതയിലെ നിര്‍മ്മാണ പ്രതിസന്ധിയടക്കം കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഉയര്‍ത്തിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രശ്‌ന പരിഹാരത്തിനുള്ള പൊതു സംവാദ വേദിയായിട്ടാണ് കര്‍ഷക കോണ്‍ക്ലേവിനെ കോണ്‍ഗ്രസ് മുമ്പോട്ട് വയ്ക്കുന്നത്. കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, കര്‍ഷക സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ഉറപ്പാക്കി കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.
എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് കോണ്‍ക്ലേവില്‍ മോഡറേറ്ററാകും. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന പ്രതിനിധികളുമായി മുഴുവന്‍ സമയവും സംവദിക്കുന്ന പ്രതിപക്ഷ നേതാവ് ഒടുവില്‍ വിഷയങ്ങളില്‍ യു ഡി എഫിന്റെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് വിവരം.അടിമാലി സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി പാരിഷ് ഹാളിലാണ് കര്‍ഷക കോണ്‍ക്ലേവിനുള്ള വേദിയൊരുക്കിയിരിക്കുന്നത്. ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ പരിഹാരം തേടുകയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് പറയുമ്പോഴും തദ്ദേശ, നിയമ സഭാതിരഞ്ഞെടുപ്പുകള്‍ അടുക്കെ ജില്ലയിലെ ഭൂവിഷയങ്ങളെ വീണ്ടും സജീവ ചര്‍ച്ചയാക്ക്‌നും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.