കഫ് സിറപ്പ് കഴിച്ച് മരണം; രണ്ടുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് മരുന്ന് നല്‍കരുത്; കേന്ദ്ര ആരോഗ്യ മന്ത്രാലയം

വിവിധ സംസ്ഥാനങ്ങളില്‍ ചുമ മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കല്‍ പരിശോധനയ്ക്കും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാത്രം മതി. മരുന്ന് ഇതര രീതികള്‍ ആയിരിക്കണം രോഗികള്‍ക്ക് നല്‍കേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിര്‍ദേശിക്കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. ഈ മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികള്‍ മരിച്ച സംഭവത്തില്‍ പരിശോധിച്ച കഫ് സിറപ്പുകളില്‍ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കി. പരിശോധനയില്‍ കഫ് സിറപ്പുകളില്‍ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്താനായില്ല. കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയര്‍ന്നതോടെയാണ് എന്‍സിഡിസി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കൂടാതെ കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്കുന്നതില് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശം ബാധകമാണെന്നും കേന്ദ്രം വ്യക്തമാക്കി