ഇടുക്കിയിൽ വൈദ്യുതി മോഷണം തടയാൻ ശ്രമിച്ച കെഎസ്ഇബി ജീവനക്കാരനെ മർദിച്ച ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ഇടുക്കി: കുമളിയിൽ എസ്റ്റേറ്റ് ലയത്തിലെ വൈദ്യുതി മോഷണം തടയാൻ ശ്രമിച്ച കെഎസ്ഇബി ജീവനക്കാരനെ മർദിച്ച ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. കുമളി എച്ച്എൻഎൽ എസ്റ്റേറ്റ് ലയത്തിലെ താമസക്കാരായ അസ്മത്ത് അലി, ഹഫീസുൽ റഹ്മാൻ, അസിമുൽ ഇസ്ലാം എന്നീ ബംഗാൾ സ്വദേശികളാണ് അറസ്റ്റിലായത്. ഈ മാസം ഒന്നിനായിരുന്നു സംഭവം. കെഎസ്ഇബി കരാർ ജീവനക്കാരൻ അയ്യാദുരൈക്കാണ് മർദനമേറ്റത്. മർദനത്തിൽ അയ്യാദുരൈക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ലയത്തിൽ നിന്ന് വൈദ്യുതി മോഷണം പോകുന്നുണ്ടെന്ന് അറിഞ്ഞാണ് അയ്യാദുരൈ സ്ഥലത്തെത്തിയത്. വൈദ്യുതി മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ അയ്യാദുരൈയെ പ്രതികൾ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ അയ്യാദുരൈയുടെ പരാതിയിൽ കേസെടുത്ത കുമളി പൊലീസ് മൂന്ന് പേരെയും പിടികൂടുകയായിരുന്നു.