KeralaLatest NewsLocal news

കുടുംബശ്രീ സര്‍വതലസ്പര്‍ശിയായ നേട്ടങ്ങള്‍ക്ക് വഴിതെളിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍

കുടുംബശ്രീ നാടിന്റെ അഭിമാനമാണെന്നും സര്‍വതലസ്പര്‍ശിയായ നേട്ടങ്ങള്‍ക്ക് വഴിതെളിച്ചെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കഞ്ഞിക്കുഴിയില്‍ കുടുംബശ്രീ സിഡിഎസ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദാരിദ്ര്യനിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീ ഇന്ന് സ്ത്രീകളെ സ്വയംപര്യാപ്തരാക്കിയതിനൊപ്പം സംരംഭകരാക്കിയും മാറ്റി. വ്യവസായ യൂണിറ്റുകളുടെയും ചെറുകിട സംരംഭങ്ങളുടെയും നടത്തിപ്പ് അടക്കം നാടിന്റെ വളര്‍ച്ചയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ-വിദ്യാഭ്യാസ-ഗതാഗത രംഗത്ത് ജില്ല വലിയ പുരോഗതി കൈവരിച്ചു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി ഹൈടെക്ക് സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്  ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായി റോബോട്ടിക്‌സ് എഞ്ചിനിയറിംഗ് കോഴ്‌സ് ആരംഭിച്ചത് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലാണ്.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ 14 കോടി രൂപ ചെലവില്‍ കാത്ത്‌ലാബ് ആരംഭിക്കും. മെഡിക്കല്‍ കോളേജിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി ആശ്രയ ഭവന്റെ നിര്‍മ്മാണത്തിന് 5 കോടി രൂപ അനുവദിച്ചു. ചേലച്ചുവട്-വണ്ണപ്പുറം റോഡ് ബിഎംബിസി നിലവാരത്തില്‍ നിര്‍മ്മിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം  ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കി ഡാമില്‍ നിന്ന് ഫ്‌ളോട്ടിംഗ് പമ്പുവഴി ജലശുദ്ധീകരണ പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് അഞ്ച് പഞ്ചായത്തുകളിലെ വീടുകളില്‍ ശുദ്ധജലമെത്തുക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കഞ്ഞിക്കുഴി, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിലെ വീടുകളില്‍ ശുദ്ധജലമെത്തിക്കാന്‍ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യംവച്ച് ഇറിഗേഷന്‍ മ്യൂസിയം, സാംസ്‌കാരിക മ്യൂസിയം, മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍, കുടിയേറ്റ സ്മാരകം, റവന്യു ടവര്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ അംഗങ്ങളുടെ വര്‍ണാഭമായ വാര്‍ഡുതല റാലിയോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായത്. മികച്ച അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ വിതരണം ചെയ്തു.

കഞ്ഞിക്കുഴി അപ്പൂസ് ഹാളില്‍ സംഘടിപ്പിച്ച കുടുംബശ്രീ സിഡിഎസ് വാര്‍ഷിക സമ്മേളനത്തില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, ത്രിതലപഞ്ചായത്തംഗങ്ങളായ ഉഷാ മോഹനന്‍, സാന്ദ്രമോള്‍ ജിന്നി, പ്രദീപ് എംഎം, അനിറ്റ് ജോഷി, സില്‍വി സോജന്‍, ടിന്‍സി തോമസ്, മാത്യു ജോസഫ്, സോയിമോന്‍ സണ്ണി, ഐസന്‍ജിത്ത്, ബേബി ഐക്കര, പുഷ്പ ഗോപി, ജിഷ സുരേന്ദ്രന്‍, ശ്രീജ അശോകന്‍, ദിനമണി പി.ബി സിഡിഎസ് ചെയര്‍പേഴസണ്‍ ബിന്ദു സലിംകുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പാ തോമസ്, മെമ്പര്‍ സെക്രട്ടറി അനില്‍ജിത്ത് കെ.എ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!