കഫ് സിറപ്പ് കഴിച്ച കുട്ടികളുടെ മരണം; മരുന്നുനിർമാണ കേന്ദ്രങ്ങളിൽ പരിശോധന.

ന്യൂഡൽഹി/ചെന്നൈ/തിരുവനന്തപുരം: കഫ് സിറപ്പ് കഴിച്ച കുട്ടികൾ വൃക്ക തകരാറിലായി മരിച്ചതായുള്ള റിപ്പോർട്ടുകൾക്കുപിന്നാലെ വിവാദ മരുന്നുകളുടെ നിർമാണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആറു സംസ്ഥാനങ്ങളിലായി കഫ് സിറപ്പുകളും ആന്റി ബയോട്ടിക്കുകളുമടക്കം 19 തരം മരുന്നുകൾ നിർമിക്കുന്ന കേന്ദ്രങ്ങളിലാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) പരിശോധന നടത്തിയത്.
തമിഴ്‌നാട്ടിലെ മരുന്നുനിർമാണ ശാലയിൽ നടത്തിയ പരിശോധനയിൽ മരുന്നിൽ വിഷമാലിന്യം കണ്ടെത്തി. കാഞ്ചീപുരത്തെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന് അധികൃതർ മുദ്രവെച്ചു. ഇവിടത്തെ പരിശോധനയിൽ മരുന്നിന്റെ ഒരു ബാച്ചിൽ ഡൈ എത്തിലിൻ ഗ്ലൈക്കോൾ വൻതോതിൽ കണ്ടെത്തി. ഈ രാസവസ്തു ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും. കമ്പനി ഉത്പാദിപ്പിക്കുന്ന കോൾഡ്‌റിഫ് പ്രധാനമായും രാജസ്ഥാൻ, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് വിതരണം ചെയ്യുന്നത്.
കേരളത്തിൽ കോൾഡ്‌റിഫ് സിറപ്പിന്റെ വിൽപ്പനനിർത്തിവെച്ചു. എസ്ആർ-13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന റിപ്പോർട്ടുകളെ ത്തുടർന്നാണ് നടപടിയെന്നും ഈ മരുന്ന് വിൽപ്പന നടത്തിയിട്ടില്ലെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. കേരളത്തിൽ ചുമ മരുന്നുനിർമിക്കുന്ന അഞ്ചു കമ്പനികളുടെ സാംപിൾ പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ ഒമ്പതും രാജസ്ഥാനിൽ മൂന്നും കുട്ടികൾ കഫ് സിറപ്പ് കഴിച്ചതിന് ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ മരിച്ചതായാണ് റിപ്പോർട്ടുകൾ.
മധ്യപ്രദേശിൽ കുട്ടികൾ കഴിച്ച കോൾഡ്‌റിഫ് ചുമമരുന്നിന്റെ സാംപിളിൽ വൃക്കയെ ബാധിക്കുന്ന ഡയത്തലീൻ ഗ്ലൈസോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ഇക്കൊല്ലം മേയിൽ നിർമിച്ച് 2027 ഏപ്രിൽവരെ കാലാവധിയുള്ള എസ്ആർ-13 ബാച്ച് നമ്പർ കോൾഡ്‌റിഫ് സിറപ്പിലാണ് പ്രശ്നം കണ്ടെത്തിയത്. തുടർന്ന് മധ്യപ്രദേശിൽ കോൾഡ്‌റിഫിന്റെയും അതുണ്ടാക്കിയ കമ്പനിയുടെ മറ്റുമരുന്നുകളുടെയും വിൽപ്പന നിരോധിച്ചു. നെക്സാ-ഡിഎസ് കഫ് സിറപ്പിന്റെ പേരും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുണ്ട്