ക്യാഷ് ഓണ്‍ ഡെലിവറിക്ക് നമ്മള്‍ എന്തിന് കൂടുതല്‍ പണം കൊടുക്കണം?; യുവാവിന്റെ ചോദ്യം ഫലം കണ്ടു; അന്വേഷിക്കാന്‍ കേന്ദ്രം

ഇ- കൊമേഴ്‌സ് സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓണ്‍ലൈനായി പണമടയ്ക്കുമ്പോഴും ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോഴും വില വ്യത്യാസം വരുന്നുവെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍ക്ക് എന്തിന് അധികം തുക ഈടാക്കുന്നുവെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു.
ക്യാഷ് ഓണ്‍ ഡെലിവറിക്ക് നമ്മള്‍ അധികതുക എന്തിന് നല്‍കണമെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഒരു വൈറല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിനോടുള്ള പ്രതികരണമെന്ന നിലയിലാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത്. ക്യാഷ് ഓണ്‍ ഡെലിവറിക്ക് അധിക തുക ഈടാക്കുന്നത് ഉപഭോക്താക്കളില്‍ നിരവധി തെറ്റിദ്ധാരണകളുണ്ടാക്കുന്നു എന്നാണ് പരാതി. ഈ അധിക തുക പലപ്പോഴും പേയ്‌മെന്റ് ഹാന്‍ഡിലിങ് ഫീ, അല്ലെങ്കല്‍ ഓഫര്‍ ഹൈന്‍ഡ്‌ലിങ് ഫീ മുതലായ ഓമനപ്പേരുകളിലാണ് ഈടാക്കുകയെന്നും ഇത് കബളിപ്പിക്കലാണെന്നുമാണ് ഒരു കൂട്ടം നെറ്റിസണ്‍സിന്റെ അഭിപ്രായം.
പ്രൊട്ടക്ഷന്‍ ഫീ, ഹാന്‍ഡിലിങ് ഫീ എന്നിവ എന്തിന് ഉപഭോക്താവില്‍ നിന്ന് പിടിക്കണമെന്നാണ് വൈറല്‍ പോസ്റ്റില്‍ ഒരു യുവാവ് ചോദിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ട് ക്യാഷ് ഓണ്‍ ഡെലിവറിക്ക് അധികമായി ഈടാക്കിയ 226 രൂപ ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിന്റെ വിമര്‍ശനങ്ങള്‍. കൂടുതല്‍ പേരും ഓണ്‍ലൈന്‍ ഷോപ്പിംഗ് തിരഞ്ഞെടുക്കുന്ന ഇക്കാലത്ത് പേയ്‌മെന്റുകള്‍ സുതാര്യതമാകണമെന്നും ഇതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.