
ഏഷ്യ കപ്പിൽ ജേതാക്കളായ ഇന്ത്യയ്ക്ക് ട്രോഫി നൽകാതെ കപ്പുമായി മുങ്ങിയ പാക് ആഭ്യന്തര മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനുമായ മുഹ്സിൻ നഖ്‍വിയെ ആദരിക്കാൻ പാകിസ്താൻ. എക്‌സലൻസ് ഗോൾഡ് മെഡൽ നൽകി ആദരിക്കാനാണ് പാകിസ്താൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
ദി നേഷനിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, സിന്ധ്-കറാച്ചി ബാസ്കറ്റ്ബോൾ അസോസിയേഷൻസിന്റെ പ്രസിഡന്റ് അഡ്വക്കേറ്റ് ഗുലാം അബ്ബാസ് ജമാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള രാഷ്ട്രീയ, കായിക സംഘർഷങ്ങൾ വർദ്ധിച്ച സമയത്ത് നഖ്‌വിയുടെ പ്രവർത്തനങ്ങൾ “ദേശീയ അഭിമാനം വീണ്ടെടുത്തു” എന്ന് ജമാൽ പറഞ്ഞു.
ഏഷ്യാ കപ്പ് ഫൈനലിന്റെ മത്സരത്തിനു ശേഷമുള്ള ചടങ്ങിൽ ഇന്ത്യൻ കളിക്കാർ ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നഖ്‌വി ട്രോഫിയുമായി ഹോട്ടൽ മുറിയിലേക്ക് പോയിരുന്നു. ഇന്ത്യയ്ക്ക് ട്രോഫി വേണമെങ്കിൽ എസിസി ആസ്ഥാനത്തെത്തി സ്വീകരിക്കാൻ നഖ്‌വി പറഞ്ഞിരുന്നു. എസിസി യോഗത്തിൽ ഇന്ത്യ കിരീടം നേടിയതോ, ട്രോഫിയെ കുറിച്ചോ സംസാരിക്കാനും നഖ്‍വി താൽപര്യം കാണിച്ചില്ലായിരുന്നു. വിവാദങ്ങൾക്കൊടുവിൽ നഖ്‌വി ട്രോഫി യു.എ.ഇ ക്രിക്കറ്റ് ബോർഡിന് കൈമാറിയതായാണ് റിപ്പോർട്ട്