
എപ്പോഴും മിഠായിക്ക് വേണ്ടി വാശിപിടിക്കുന്ന കുട്ടിയുടെ കൈയിലേക്ക് ഒരു പാക്കറ്റ് നിറയെ മിഠായികള്‍ വച്ച് കൊടുക്കുന്നതും കുട്ടിയ്ക്കായി പലതരം മധുരങ്ങള്‍ കൊണ്ട് ഫ്രിഡ്ജ് നിറയ്ക്കുന്നതും പല രക്ഷിതാക്കളും ക്യൂട്ട്‌നെസ്സായാണ് പറയാറ്. തീരെ ചെറുപ്പത്തില്‍ തന്നെ കുട്ടിയ്ക്ക് പരിധിയില്ലാതെ മധുരം നല്‍കുന്നത് അവരുടെ തലച്ചോറിന്റെ വികാസത്തിന് പോലും ദോഷകരമാണ്. കുട്ടികളിലെ പ്രമേഹം, അമിത വണ്ണം, വളര്‍ച്ചയിലെ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് അത് വഴിവച്ചേക്കാം. ഒറ്റയടിക്ക് കുട്ടിയെക്കൊണ്ട് മധുരങ്ങളെ ല്ലാം നിര്‍ത്തിക്കുക പ്രായോഗികമല്ല. എങ്ങും മധുരപദാര്‍ഥങ്ങളുടെ പരസ്യങ്ങള്‍ കൂടി കണ്ട് ശീലിക്കുന്ന കുട്ടിയെ പടിപടിയായി വേണം മധുരത്തിന്റെ അഡിക്ഷനില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍. അതിനായുള്ള ചില ടിപ്‌സ് പരിശോധിക്കാം.
പാക്കറ്റിലും ടിന്നിലും കുപ്പികളിലും വരുന്ന ജ്യൂസുകള്‍ക്ക് പകരമായി കുട്ടികള്‍ക്ക് അധികമായി മധുരം ചേര്‍ക്കാത്ത ഫ്രഷ് ജ്യൂസുകള്‍ നല്‍കാം. ഓരോ സീസണിലും സുലഭമായി ലഭിക്കുന്ന പഴങ്ങള്‍ ജ്യൂസിനായി ഉപയോഗിച്ചാല്‍ അധികമായി പഞ്ചസാര ചേര്‍ക്കാതെ തന്നെ രുചികരമായ ജ്യൂസ് കുട്ടികള്‍ക്ക് നല്‍കാനാകും.
കോള ഉള്‍പ്പെടെയുള്ള സോഫ്റ്റ് ഡ്രിങ്ക്‌സിന് പകരമായി കരിക്കുവെള്ളം, സംഭാരം, നാരങ്ങാവെള്ളം മുതലായവ ഇഷ്ടപ്പെടാന്‍ കുട്ടിയെ ശീലിപ്പിക്കുക
കുട്ടികള്‍ക്ക് പാക്കറ്റില്‍ വരുന്ന ഭക്ഷണസാധനങ്ങള്‍ നല്‍കുന്നതിന് മുന്‍പ് ലേബല്‍ നിര്‍ബന്ധമായും വായിക്കുക. ഷുഗര്‍ ഫ്രക്ടോസ്, ഗ്ലൂക്കോസ് സിറപ്പ്, മാല്‍ട്ടോഡെറ്റ്‌സ്ട്രിന്‍ തുടങ്ങിയ വ്യാജ പേരുകളിലും ലേബലില്‍ ഇടംപിടിച്ചേക്കാം. ജാഗ്രത വേണം.
മധുരം നല്‍കുന്നതിനൊപ്പം ധാരാളം ഫൈബര്‍ അടങ്ങിയ ഇലക്കറികള്‍ കൂടി കുട്ടിയ്ക്ക് നല്‍കുക. നന്നായി വെള്ളം കുടിപ്പിക്കുക. ഇത് മധുരത്തോടുള്ള കൊതി നിയന്ത്രിക്കാന്‍ സഹായിക്കും.
മധുരം ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ മാതാപിതാക്കളും വീട്ടിലുള്ള മറ്റുള്ളവരും കുട്ടിക്ക് മാതൃക കാണിച്ചുകൊടുക്കുക.
കുട്ടിക്ക് പ്രിയപ്പെട്ട മധുര പലഹാരം എന്തെന്ന് മനസിലാക്കി അത് വീട്ടില്‍ തയ്യാറാക്കുക. അതില്‍ പഞ്ചസാര ചേര്‍ക്കുന്നത് നിയന്ത്രിക്കുക.
മധുര പലഹാരങ്ങള്‍ക്ക് പകരം പഴങ്ങള്‍ മുറിച്ച് രസകരമായി അലങ്കരിച്ച് കുട്ടികള്‍ക്ക് നല്‍കുക