KeralaLatest NewsLocal newsTravel

എത്തി എത്തി ഗ്രാമവണ്ടി..ഇടുക്കി ജില്ലയിലെ ആദ്യത്തെ ഗ്രാമവണ്ടി ഉടുമ്പന്നൂരില്‍ സര്‍വീസ് തുടങ്ങി

ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കെ. എസ്. ആര്‍.ടി. സി നടപ്പാക്കുന്ന ”ഗ്രാമവണ്ടി” പദ്ധതിയ്ക്ക് ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ജില്ലയില്‍ ആദ്യമായി പദ്ധതി നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്താണ് ഉടുമ്പന്നൂര്‍. പൊതുഗതാഗത സംവിധാനം കുറവുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തട്ടക്കുഴ മേഖലയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ബാങ്കുകള്‍ തുടങ്ങിയ പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഉടുമ്പന്നൂര്‍ ടൗണിലേക്കു നേരിട്ട് ബസ് സര്‍വീസ് ഇപ്പോള്‍ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് ഗ്രാമവണ്ടി സര്‍വീസ് ആരംഭിച്ചത്.
പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി. ആരംഭിച്ചതും ലാബോറട്ടറിയില്‍ വനിതകള്‍ക്കുള്ള സൗജന്യ പരിശോധനകള്‍ ഒരുക്കിയതിനാലും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ പ്രതിദിനം ഇവിടെ എത്തുന്നുണ്ട്. ഇവര്‍ നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകള്‍ക്കും ഗ്രാമവണ്ടി സര്‍വീസ് പരിഹാരമാകും.
വണ്ടിയുടെ ഇന്ധന ചെലവ് ഗ്രാമപഞ്ചായത്ത് വഹിക്കും. ആവശ്യമായ പണം ഓണ്‍ഫണ്ടിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും കണ്ടെത്തും. മെയിന്റനന്‍സ് ജോലികളും ജീവനക്കാരുടെ ശമ്പളവും കെഎസ്ആര്‍ടിസിയാണ് വഹിക്കുന്നത്.

ഗ്രാമവണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.യോഗത്തില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഷാജി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

*ഗ്രാമവണ്ടിയുടെ സര്‍വീസുകള്‍

രാവിലെ 8.15നു തൊടുപുഴയില്‍ നിന്ന് തുടങ്ങി ഉടുമ്പന്നൂരിലെ പാറേക്കവലയില്‍ എത്തുന്ന ബസ് 9ന് അവിടെ നിന്ന് കുളപ്പാറ, തട്ടക്കുഴ പിഎച്ച്സി വഴി ചെപ്പുകുളം സിഎസ്‌ഐ പള്ളി റൂട്ടിലേക്ക്. ചെപ്പുകുളത്ത്‌നിന്ന് 10ന് ഇതേ റൂട്ടില്‍ തിരികെ.
10.45നു പാറേക്കവലയില്‍ നിന്ന് തട്ടക്കുഴ, വെള്ളാന്താനം വഴി ഓലിക്കാമറ്റത്തേക്ക്.
11.15നു തിരികെയെത്തി ഉടുമ്പന്നൂരില്‍ നിന്ന് അമയപ്ര റൂട്ടില്‍.
12നു പാറേക്കവലയില്‍ നിന്ന് ചെപ്പുകുളത്തിനു പോകും.12.40 നു തിരികെ.
1.50ന് ഉടുമ്പന്നൂര്‍ – ചീനിക്കുഴി – പെരിങ്ങാശേരി വഴി ഉപ്പുകുന്നിനു പോകും. 2.55നു തിരികെ.
4.15ന് ഉടുമ്പന്നൂരില്‍ നിന്ന് ചെപ്പുകുളത്തേക്കു പോകും. തിരികെ 4.55ന്. തിരികെയെത്തുന്ന ബസ് ഉടുമ്പന്നൂര്‍ വഴി അമയപ്ര കച്ചിറാമുഴിക്ക് പോകും. അവിടെ നിന്ന് 5.40നു തിരികെപ്പോകുന്ന ബസ് ഉടുമ്പന്നൂര്‍ വഴി തൊടുപുഴയിലേക്കു പോകും വിധത്തിലാണ് സര്‍വീസൂകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!