
കോതമംഗലം :- നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിനു സമീപം താമസിക്കുന്ന വേങ്ങത്താനം ഈസ യുടെ വീട്ടിൽ നിന്നാണ് സ്വർണവും ലാപ് ടോപ്പും മോഷണം പോയത്. താഴെ കടമുറികളുള്ള ഇരുനില വീടിന്റെ മുകളിലാണ് ഈസ യും കുടുംബവും താമസിക്കുന്നത്. പകൽ 11-നും, 12.30-നും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. രണ്ടാമത്തെ നിലയിലെ ഗ്രിൽ വച്ച ജനാല വഴിയാണ് മോഷ്ടാവ് വീടിന് അകത്തു കടന്നത്. ഗ്രിൽ പുറത്തു നിന്ന് കൊളുത്ത് മാറ്റാവുന്ന രീതിയിലാണ് ഉള്ളത്. ഗ്രില്ലിൻ്റെ കൊളുത്ത് ഇട്ടിരുന്നെങ്കിലും ആർക്ക് വേണമെങ്കിലും നിഷ്പ്രയാസം പുറത്തു നിന്ന് കൊളുത്ത് മാറ്റി ഹാളിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നതാണ് മോഷ്ടാവിന് സഹായകമായത്.
ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ട് മുറിയിലെ അലമാരയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. താക്കോൽ അലമാരയിൽ തന്നെ കിടന്നതു കൊണ്ട് മോഷ്ടാവിന് എല്ലാം എളുപ്പമായി. മറ്റൊരു മുറിയിലുണ്ടായിരുന്ന ലാപ്പ്ടോപ്പും നഷ്ടപ്പെട്ടിട്ടുണ്ട്. കോതമംഗലം പോലീസും, വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.