ദേശീയപാത നിർമ്മാണം; പുതിയ സത്യവാങ്മൂലം നൽകി സർക്കാർ; വിധി ഒക്ടോബർ 13 ലേക്ക് മാറ്റി

അടിമാലി: ദേശീയപാത85 കടന്നുപോകുന്ന ഭൂമിയുടെ ഉടമസ്ഥത വനംവകുപ്പിനെന്ന മുൻ സത്യവാങ്മൂലം തിരുത്തി സർക്കാർ. ദേശീയപാത 85 നേര്യമംഗലം മുതൽ വളറ വരെയുള്ള റോഡിന്റെ അവകാശം വനം വകുപ്പിനാണെന്നുള്ള കേസുമായി ബന്ധപ്പെട്ടാണ് സർക്കാർ സത്യവാങ്മൂലം തിരുത്തി നൽകിയത്. റോഡ് നിർമ്മിച്ച കാലം മുതൽ ഭൂമി പൊതുമരാമത്ത് വകുപ്പിന്റെതാണെന്ന് സർക്കാർ തിരുത്തി നൽകി. തെറ്റായ സത്യവാങ്മൂലം നൽകിയതിൽ സർക്കാർ മാപ്പ് പറഞ്ഞു. കേസിന്റെ വിധി പതിമൂന്നാം തീയതിയിലെക്ക് മാറ്റി.
ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിച്ചത്. രണ്ടുതവണ സർക്കാരിന് സത്യവാങ്മൂലം നൽകാൻ സമയം കൊടുത്തിരുന്നു. ഈ സമയം പാലിക്കാത്തതിനെ തുടർന്ന് അവസാന തീയതി ഒക്ടോബർ 7 വരെ നീട്ടി നൽകി. സർക്കാർ പുതിയ സത്യവാമൂലം നൽകിയതിനെ തുടർന്ന് കോടതി ഒക്ടോബർ 13 ലേക്ക് വിധി പറയും. വനമാണെന്ന് പറഞ്ഞുകൊണ്ടുള്ള പഴയ സത്യവാങ്മൂലം പിൻവലിക്കുന്നതായും 100 അടി വീതിയിലുള്ള ഭൂമി പൊതുമരാമത്തിന്റെ കൈവശമുള്ള റവന്യൂ ഭൂമിയാണെന്നുള്ള അനുകൂലമായ സത്യവാങ്മൂലമാണ് സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിച്ചത്.
അതേസമയം റോഡ് നിർമ്മാണത്തിനെതിരെ പുതിയ ഹർജിയുമായി എം എൻ ജയചന്ദ്രൻ വീണ്ടും കോടതിയെ സമീപിക്കും.
2024 മെയ് 28നാണ് കോടതി നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്ത് 100 അടി വീതിയിൽ റോഡ് ഉണ്ട് എന്ന വിധി പുറപ്പെടുവിച്ചത്. ഇതോടെ റോഡ് നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് റോഡ് വനം വകുപ്പിന്റെതാണ് എന്ന് കാണിച്ച് എം എൻ ജയചന്ദ്രൻ കോടതിയിൽ പുതുതാൽപര്യ ഹർജി നൽകിയത്. ഇതോടെ ഈ ഭാഗത്തെ റോഡിന്റെ നിർമ്മാണം പൂർണമായി നിർത്തിവെച്ചു.
സർക്കാർ തെറ്റായ സത്യവാങ്മൂലം നൽകി എന്ന് ആരോപിച്ച് വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകൾ രംഗത്ത് വരികയും ജില്ലയിലും ദേവികുളം താലൂക്കിലും ഹർത്താൽ, പണിമുടക്ക്, ലോങ്ങ് മാർച്ച് അടക്കമുള്ള വിവിധ സമരപരിപാടികൾക്ക് നേതൃത്വം നൽകി. ഇതോടെയാണ് ഇന്നലെ സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തി റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ആണെന്ന് കാണിച്ചു കൊണ്ട് സത്യവാങ്മൂലം നൽകിയത്. സർക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഒക്ടോബർ 13 ലെ വിധിക്കായുള്ള കാത്തിരിപ്പാണെന്നും സമരസമിതി നേതൃത്വം അറിയിച്ചു.