
ഇടുക്കി : ഇടുക്കി ജില്ലയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 11 പേരുടെ ജീവനാണ് കാട്ടാനക്കലിയിൽ പൊലിഞ്ഞത്. ആദ്യത്തെ ആറുപേരും കൊല്ലപ്പെട്ടത് 56 ദിവസത്തിനിടയ്ക്കാണ്. ഇതിൽ രണ്ടുപേർ ചിന്നക്കനാൽ സ്വദേശികളാണ്.
2024 വർഷം ജനുവരി എട്ടിന് ജോലിക്കുപോകുംവഴി തോട്ടം തൊഴിലാളി പന്നിയാർ സ്വദേശി പരിമളയെ (44) കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി, ചവിട്ടിക്കൊല്ലുകയായിരുന്നു. ജനുവരി 22-ന് ചിന്നക്കനാൽ ബി.എൽ.റാവിൽ കൊച്ചുമകനൊപ്പം കൃഷിയിടത്തിൽ ജോലിചെയ്യുകയായിരുന്ന വെള്ളക്കല്ലിൽ സൗന്ദർ രാജിനെ (68) ചക്കക്കൊമ്പൻ ആക്രമിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം നാലാംദിവസം മരിച്ചു.
മൂന്നാർ തെൻമല എസ്റ്റേറ്റിൽ ബന്ധുവിന്റെ കല്യാണത്തിനെത്തിയ കോയമ്പത്തൂർ സ്വദേശി കെ. പാൽരാജിനെയും കൊന്നത് കാട്ടാനയാണ്. ജനുവരി 23-നായിരുന്നു സംഭവം. പിന്നെ ഒരുമാസം കഴിഞ്ഞ് ഫെബ്രുവരി 26-നാണ് അടുത്ത സംഭവം. കന്നിമല ടോപ്പ് ഡിവിഷനിൽ ഓട്ടോറിക്ഷ കുത്തി മറിച്ചിട്ട കാട്ടാന ഡ്രൈവർ സുരേഷ് കുമാറിനെ (മണി-45) ചവിട്ടിക്കൊന്നു. മാർച്ച് നാലിന് അടിമാലി കാഞ്ഞിരവേലി മുണ്ടോൻകണ്ടത്തിൽ ഇന്ദിര രാമകൃഷ്ണനെ (71) കാട്ടാന കൃഷിയിടത്തിൽനിന്ന് തിരികെ വരുംവഴി ആക്രമിച്ചുകൊന്നു. ചിന്നക്കനാൽ ടാങ്കുകുടിയിലെ കണ്ണനും (47) കൊല്ലപ്പെട്ടു. അതേവർഷം ഡിസംബറിൽ മുള്ളരിങ്ങാട് പശുവിനെ അഴിക്കാൻ പോയ യുവാവ് ആനയുടെ ആക്രമണത്തിൽ മരിച്ചു. അമയത്തൊട്ടി പള്ളിക്കവല പാലിയത്ത് അമർ ഇലാഹി (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അയൽവാസി ബി.എം മൻസൂറിന് സാരമായി പരിക്കേറ്റു. ഈ വർഷം ഫെബ്രുവരി ആറിന് ചിന്നാർ വന്യജീവി സങ്കേതത്തിൽ ഫയർ ലൈൻ തെളിക്കാൻ പോയ ആളെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. ചമ്പക്കാട് ആദിവാസി കോളനിയിലെ വിമൽ(57) ആണ് മരിച്ചത്. വിരിക്കൊമ്പൻ എന്ന് പേരുള്ള ആനയാണ് അന്ന് തുമ്പിക്കെകൊണ്ട് വിമലിനെ അടിച്ചുവീഴ്ത്തി ചവുട്ടിക്കൊന്നത്.
ഈ വർഷം പീരുമേട്ടിൽ കാട്ടാനയുടെ അക്രമണത്തിൽ ജീവൻ പൊലിഞ്ഞത് മൂന്ന് തവണയാണ്. ഫെബ്രുവരി പത്താം തീയതി വൈകീട്ട് വീട്ടമ്മയായ സോഫിയ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. പെരുവന്താനം കൊമ്പൻപാറ നെല്ലിവിള പുത്തൻവീട്ടിൽ ഇസ്‍മായിലിന്റെ ഭാര്യ സോഫിയ വീടിനടുത്തുള്ള അരുവിയിൽ കുളിക്കാൻപോയ സമയത്താണ് ആക്രമണമുണ്ടായത്.
നാലുമാസം പിന്നിട്ട് ജൂൺ പതിമൂന്നിന് സീതയെന്ന ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കാടിനുള്ളിൽ മരിച്ചു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സീതയെ പീരുമേട് തോട്ടാപ്പുര മീൻമുട്ടി ഭാഗത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. ഒപ്പം ഭർത്താവും രണ്ടു മക്കളും ഉണ്ടായിരുന്നു. ഇവർക്കും പരിക്കേറ്റു.
ജൂലായ് 29-ന് കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ട് വീട്ടിൽ പുരുഷോത്തമനും (64) മരിച്ചു. പെരുവന്താനം പഞ്ചായത്തിലെ മതമ്പയിലുള്ള കൊണ്ടോടി എസ്റ്റേറ്റിൽ റബ്ബർ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തുന്നയാളാണ് പുരുഷോത്തമൻ. മകനൊപ്പം ടാപ്പിങ് ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ആദ്യം മകന് നേരെ കാട്ടാന പാഞ്ഞെത്തിയെങ്കിലും ഓടി രക്ഷപ്പെട്ടു. പിന്നാലെ പുരുഷോത്തമനെ ആക്രമിക്കുകയായിരുന്നു.