BusinessKeralaLatest News

വീണ്ടും തിളങ്ങി നമ്മുടെ കെഎസ്ആര്‍ടിസി; ഇന്നലെ നേടിയത് ചരിത്രത്തിലെ ഏറ്റവും കൂടിയ രണ്ടാമത്തെ പ്രതിദിന കളക്ഷന്‍

ടിക്കറ്റ് വരുമാനത്തില്‍ ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന കളക്ഷനുമായി കെഎസ്ആര്‍ടിസി. 9 അരകോടിയിലേറെ രൂപയാണ് കഴിഞ്ഞ ദിവസത്തെ കളക്ഷന്‍. യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ തിരഞ്ഞെടുത്തതിന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നന്ദി അറിയിച്ചു. റെക്കോര്‍ഡ് നേട്ടത്തിനായി പരിശ്രമിച്ച എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാരേയും അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ലക്ഷ്യമിട്ട വരുമാനത്തേക്കാള്‍ പ്രതിദിന കളക്ഷന്‍ ഉയര്‍ന്നു എന്നത് അഭിമാനകരമാണെന്ന് മന്ത്രി പറയുന്നു. വരുമാനത്തില്‍ ഏകദേശം 104 ശതമാനം വരെ വര്‍ധനവുണ്ടായെന്നും മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു.

ഒക്ടോബര്‍ ആറ് തിങ്കളാഴ്ച കെഎസ്ആര്‍ടിസി ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയത് 9.41 കോടി രൂപയാണ്. 2025 സെപ്റ്റംബര്‍ എട്ടിന് നേടിയ 10.19 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍. ഡിസംബര്‍ 23ന് കെഎസ്ആര്‍ടിസി നേടിയ പ്രതിദിന ടിക്കറ്റ് വരുമാനമായ 9.22 കോടി രൂപയെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ചത്തെ പ്രതിദിന വരുമാനം മറികടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് തന്നെയാണ് കെഎസ്ആര്‍ടിസി അന്നത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കളക്ഷനില്‍ പുതിയ ഉയരം കുറിച്ചിരുന്നത്. 2024 സെപ്റ്റംബര്‍ 14ലെ പ്രതിദിന കളക്ഷന്‍ 8.29 കോടിയായിരുന്നു.

ജീവനക്കാരുടെ ശമ്പളവിതരണം ഉള്‍പ്പെടെ വൈകിയിരുന്ന പ്രതിസന്ധി ഘട്ടത്തെ കുടഞ്ഞെറിഞ്ഞ് കെഎസ്ആര്‍ടിസി വളരുന്നുവെന്നതിന്റെ സൂചനയാണ് ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന വര്‍ധന. പുതിയ റൂട്ടുകള്‍, കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍, പുതിയ ബസുകള്‍, ട്രാവര്‍ കാര്‍ഡ്, യുപിഐ വഴി പണമടക്കാനുള്ള സംവിധാനം, കൊറിയര്‍ സര്‍വീസ്, ബസ് ലൈവ് ട്രാക്കിംഗ്, എക്‌സോ, ബഡ്ജറ്റ് ടൂറിസം പാക്കേജുകള്‍ മുതലായവ കെഎസ്ആര്‍ടിസിയുടെ ജനപ്രീതി വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റേയും ഗതാഗത വകുപ്പിന്റേയും വിലയിരുത്തല്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!