
കട്ടപ്പന: ഉത്പാദച്ചെലവിലുണ്ടായ വർധനയും കൃഷിയിടങ്ങൾ ഏലം കൈയടക്കിയതുംമൂലം ഹൈറേഞ്ചിലെ കർഷകർ മഞ്ഞൾകൃഷി പൂർണമായും കൈയൊഴിയുന്നു.പച്ചമഞ്ഞൾ കിലോയ്ക്ക് 25-30 രൂപയാണ് ലഭിക്കുന്നത്. ഉണങ്ങിയ മഞ്ഞളിന് ഗുണനിലവാരം അനുസരിച്ച് 200-250 രൂപ ലഭിക്കാറുണ്ട്.
എന്നാൽ, മഞ്ഞൾ പേരിനുമാത്രമാണ് കമ്പോളങ്ങളിലെത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സീസണുകളിൽ ചുരുക്കം ചില കർഷകരാണ് മഞ്ഞൾ എത്തിക്കാറുള്ളത്.
അഞ്ചു വർഷം മുൻപുവരെ വലിയതോതിൽ നാടൻമഞ്ഞൾ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ എത്തിയിരുന്നു.ഇടക്കാലത്ത് ഏലം വില ഉയർന്നതോടെ പലരും ഇഞ്ചിക്കണ്ടങ്ങൾ ഉഴുതുമറിച്ച ശേഷം ഏലത്തട്ടകൾ നടുകയും ചെയ്തിരുന്നു.ഇതോടെ ഗുണമേന്മയേറിയ നാടൻമഞ്ഞൾ കേട്ടുകേൾവി മാത്രമായി. ഇതോടെ ഗുണം കുറഞ്ഞവയാണ് നിലവിൽ ഹൈറേഞ്ചിലെ വിപണികളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
പാലക്കാടു നിന്നും തമിഴ്‌നാട്ടിൽ നിന്നുമാണ് കട്ടപ്പന കമ്പോളത്തിൽ നിലവിൽ മഞ്ഞൾ എത്തുന്നത്.
ആവശ്യക്കാരുണ്ട് ഉത്പാദനച്ചെലവ് താങ്ങാനാകുന്നില്ല
ആവശ്യക്കാരുണ്ടെങ്കിലും മഞ്ഞൾകൃഷിയുടെ ഉത്പാദനച്ചെലവ് താങ്ങാനാകുന്നില്ലെന്ന് കർഷകർ പറയുന്നു. നടീൽ മുതൽ വിളവെടുപ്പുവരെ പരിപാലനം നൽകണം.
കളപറിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. ഇടക്കാലത്തുണ്ടായ ഏലം വിലവർധന പണിക്കൂലി കുത്തനെ ഉയർത്തി. കാലാവസ്ഥാ വ്യതിയാനവും ചാണകം ഉൾപ്പെടെയുള്ള ജൈവവളങ്ങളുടെ വിലവർധനയും കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയുണ്ടായി.