ഇടുക്കി കുമളി പഞ്ചായത്തിൽ മരംകൊള്ളയ്ക്ക് നീക്കം; നിയമം മറികടന്ന് ടെൻഡർ വിളിച്ചു

മരംമുറിക്കുന്നത് സംബന്ധിച്ച് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിന്റെ മറവിൽ മരം കൊള്ളയ്ക്കൊരുങ്ങി ഇടുക്കി കുമളി പഞ്ചായത്ത്. എൽ ഡി എഫ് ഭരിക്കുന്ന പഞ്ചായത്ത് അനധികൃതമായി വാങ്ങിയ തോട്ട ഭൂമിയിലെ മരങ്ങളാണ് മുറിച്ചുമാറ്റാനൊരുങ്ങുന്നത്. ഭൂമി മുറിച്ചു വിൽക്കാനോ മരം മുറിക്കാനോ പാടില്ലെന്ന നിയമം മറികടന്നാണ് ടെണ്ടർ വിളിച്ചത്.
പൊതു ആവശ്യത്തിനെന്ന പേരിൽ ചുരക്കുളം എസ്റ്റേറ്റിലെ അഞ്ച് ഏക്കർ ഭൂമി 2022 ജനുവരിയിലാണ് കുമളി പഞ്ചായത്ത് വാങ്ങിയത്. നിയമം മറികടന്നാണ് കച്ചവടം നടത്തിയതെന്ന് കണ്ടെത്തിയതോടെ ഭൂമി തിരിച്ചു പിടിക്കാൻ ലാൻഡ് ബോർഡ് കമ്മീഷണർ ഉത്തരവിട്ടു. എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും നടപടികൾ ഇഴയുകയാണ്. ഇതിനിടയാണ് കേസിൽപ്പെട്ട ഭൂമിയിലെ 106 മരങ്ങൾ മുറിക്കാൻ പഞ്ചായത്ത് ടെൻഡർ വിളിച്ചത്. 12 ലക്ഷം രൂപയോളം വില വരുന്ന മരങ്ങൾക്ക് മൂന്നുലക്ഷം രൂപയാണ് ടെൻഡർ പ്രകാരം വന്ന ഉയർന്ന തുക. ഈ തുകയ്ക്ക് മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നവശ്യപ്പെട്ട് ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർക്ക് പഞ്ചായത്ത് കത്ത് നൽകി.
വിവിധ റാങ്കുകളിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മരങ്ങളുടെ മൂല്യനിർണയം നടത്തേണ്ടത്. എന്നാലിതും മറികടന്നാണ് പഞ്ചായത്ത് മരങ്ങൾ മുറിക്കാനൊരുങ്ങുന്നത്. നടപടിക്കെതിരെ പ്രതിഷേധം തുടങ്ങാനാണ് UDF ന്റെ തീരുമാനം