
അടിമാലി: ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായി അടിമാലിയിലും ഇ ഡി പരിശോധന. തിരുവനന്തപുരം സ്വദേശിനിയുടെ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ കഴിഞ്ഞ ദിവസം അടിമാലിയിലെ വര്‍ക്ക് ഷോപ്പില്‍ നിന്നും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ വാഹനത്തിന്റെ സാമ്പത്തിക ഇടപാടുകളടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇ ഡി പരിശോധന നടത്തിയതെന്നാണ് വിവരം.
ഇന്ത്യയിലേക്ക് ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്‌ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു സിന്‍ഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്താകെ വിവിധയിടങ്ങളില്‍ റെയ്ഡ് എന്നാണ് ഇഡി പറയുന്നത്. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ശൃംഖല, വ്യാജ രേഖകളും അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി.
പിന്നീട് വാഹനങ്ങള്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറഞ്ഞ വിലക്ക് വിറ്റു. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ാണ് ഇഡി നടപടി ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്താകെയുള്ള ഇ ഡിയുടെ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു അടിമാലിയിലും പരിശോധന നടന്നത്.