
മൂന്നാര്‍: മൂന്നാറില്‍ വന്യജീവിയാക്രമണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം പട്ടാപകല്‍ ജനവാസ മേഖലയില്‍ കടുവകളുടെ സാന്നിധ്യമുണ്ടായതിനൊപ്പം ഇന്ന് പുലര്‍ച്ചെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പശുവിനെ കടുവയാക്രമിച്ചു. ദേവികുളം ഒ ഡി കെ ഡിവിഷന്‍ സ്വദേശി പരമശിവന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ആക്രമണത്തില്‍ പശുവിന് പരിക്ക് സംഭവിച്ചു.
പടയപ്പ അടക്കമുള്ള കാട്ടാനകളുടെ സാന്നിധ്യത്താല്‍ മൂന്നാറിലെ ജനവാസ മേഖലയിലെ ആളുകളുടെ ജീവിതം ദിവസം തോറും ദുസഹമായി മാറുന്നുണ്ട്. ഇതിനൊപ്പമാണ് ജനവാസ മേഖലയില്‍ കടുവകളുടെ സാന്നിധ്യവും ആക്രമണവും ഉണ്ടായിട്ടുള്ളത്. മുന്‍കാലങ്ങളില്‍ കടുവയുടെയും പുലിയുടെയും ആക്രമണങ്ങളില്‍ മൂന്നാറിലെ തോട്ടം മേഖലയില്‍ നിരവധിയായ കന്നുകാലികള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. ഇതിന് ശേഷമാണിപ്പോള്‍ വീണ്ടും വന്യജീവി ശല്യം വര്‍ധിച്ചിട്ടുള്ളത്.