
അടിമാലി: വെള്ളത്തൂവല്‍ മുതുവാന്‍കുടിക്ക് സമീപം പൂപ്പാടം ഒരുക്കി സഹപാഠികള്‍. പണിക്കന്‍കുടി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 1992-93 എസ് എസ് എല്‍ സി ബാച്ചില്‍ പഠിച്ച ഇരുപതോളം സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പൂ കൃഷിയിറക്കിയത്. അര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് ചെണ്ടുമല്ലി കൃഷിയിറക്കിയത്. ഓണക്കാലമെത്തിയതോടെ ചെണ്ടുമല്ലികള്‍ പൂ വിട്ട് പൂപ്പാടമായി മാറി.
വെള്ളത്തൂവല്‍ കൃഷി ഭവന്റെ കൂടി സഹകരണത്തോടെയാണ് പൂ കൃഷി നടത്തിയത്. ഓണമടുത്തതോടെ വിരിഞ്ഞ പൂക്കളുടെ വിളവെടുപ്പ് നടന്നു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തംഗം ഷിബി എല്‍ദോസ് വിളവെടുപ്പ് ചടങ്ങിന്റെ ഉദ്ഘാടനം നടത്തി. കൊന്നത്തടി ഗ്രാമപഞ്ചായത്തംഗം റെജി ഇടിയാകുന്നേല്‍, കൃഷി ഓഫീസര്‍ പ്രിയ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. സംഘം ഭാരവാഹികളായ ബിജു, രാജേഷ് ആല്‍പ്പാറ എന്നിവര്‍ നേതൃത്വം നല്കി. മഞ്ഞ, ഓറഞ്ച് വര്‍ണ്ണങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളാണ് കൃഷിയിടത്തില്‍ വിരിഞ്ഞ് നില്‍ക്കുന്നത്.