
മൂന്നാര്‍: കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ ദേവികുളത്ത് ഇടിഞ്ഞ മണ്ണ് നീക്കാന്‍ നടപടിയില്ല. ശക്തമായ മഴയില്‍ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെ റോഡിലൂടെ ഒരുവാഹനത്തിന് കഷ്ടിച്ച് മാത്രമാണ് കടന്ന് പോകാന്‍ കഴിയുന്നത്. 2024 ജൂണ്‍ മാസത്തിലാണ് ശക്തമായ മഴയില്‍ കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ ദേവികുളത്ത് മണ്‍തിട്ടയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. ആദ്യം കുറച്ച് ഭാഗത്ത് മാത്രമായിരുന്നു മണ്ണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന് ശേഷം പെയ്ത ശക്തമായ മഴയില്‍ മണ്ണ് കൂടുതല്‍ റോഡിലേക്ക് ഒലിച്ചെത്തി.
ഇപ്പോള്‍ ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് കടന്ന് പോകാന്‍ കഴിയുന്ന അവസ്ഥയാണ്. മണ്ണ് നീക്കുന്നതിന് നടപടി ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ദേശീയപാത അധികൃതര്‍ ഇത് കണ്ട ഭാവമില്ല. മണ്ണ് നീക്കുന്നതിന് സബ് കളക്ടറടക്കം നിര്‍ദ്ദേശം നല്‍കിയെങ്കിലും ദേശീയ പാത അധികൃതര്‍ക്ക് അനക്കമില്ല. ഇതോടെ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍. ദേവികുളത്തെ ടോള്‍ പിരിവ് തടയുന്നതടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
മണ്ണിടിഞ്ഞ് കിടക്കുന്നതിനാല്‍ നിലവില്‍ എതിരേ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതിനാല്‍ വലിയ അപകട സാധ്യതയും പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്.