അടിമാലിയിൽ ദേവിയാർ പുഴയിലേക്ക് ശുചിമുറി മാലിന്യം തള്ളിയതിൽ വ്യാപക പ്രതിഷേധം: പോലീസും പഞ്ചായത്തും നടപടികളുമായി മുമ്പോട്ട്..

അടിമാലി : ഇന്നലെ രാത്രിയിലാണ് വലിയ ടാങ്കർ ലോറിയിൽ എത്തിച്ച ശുചിമുറി മാലിന്യം സാമൂഹ്യവിരുദ്ധർ ദേവിയാർ പുഴയിലേക്ക് നിക്ഷേപിച്ചത്. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശത്ത് ഈസ്റ്റേൺ കമ്പനിക്ക് പിറക് വശത്തായി ഇടവഴിയിൽ വാഹനം നിർത്തിയാണ് മാലിന്യം പുഴയിലേക്കൊഴുക്കിയത്. നുറുകണക്കിനാളുകൾ ഉപയോഗിക്കുന്ന പുഴയിലേക്കാണ് മാലിന്യം തുറന്ന് വിട്ടത്. സംഭവം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധം രൂപം കൊണ്ടു.
മാലിന്യം തള്ളിയവരെ കണ്ടെത്താൻ പഞ്ചായത്തും ആരോഗ്യവകുപ്പും നടപടി ആരംഭിച്ചു. മാലിന്യനിക്ഷേപകരെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് കാൽ ലക്ഷം രൂപ പാരിതോഷികം നൽകും. സംഭവത്തിൽ ഗ്രാമപഞ്ചായത്തും മാലിന്യം തള്ളപ്പെട്ട പറമ്പുടമയും പോലീസിൽ പരാതി നൽകി. പഞ്ചായത്ത്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മാലിന്യം നിക്ഷേപിക്കാൻ എത്തിച്ചുവെന്ന് കരുതുന്ന വാഹനത്തിൻ്റെ സി സി ടി വി ദ്യശ്യങ്ങൾ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.