‘ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ഉരുക്കി; ഉരുക്കിയ സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍’; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണപ്പാളിയിലെ സ്വര്‍ണ്ണം ഉരുക്കിയെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഉരുക്കിയ സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കലെന്നും വിവരം. ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ചേര്‍ന്നാണ് ഈ തട്ടിപ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയത്.
വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് പ്രതികരിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണ്. മാധ്യമങ്ങളെ കാണാന്‍ താത്പര്യം ഇല്ലെന്ന് സ്മാര്‍ട്ട് ക്രീയേഷന്‍സ് വൈസ് പ്രസിഡന്റ് മുരളി വ്യക്തമാക്കി.
സംഭവത്തില്‍ കൂടുതല്‍ ദേവസ്വം ജീവനക്കാര്‍ക്ക് പങ്കെന്ന വിവരവും പുറത്ത് വന്നു. 2019ല്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് ദേവസ്വം ജീവനക്കാര്‍ തിരുത്തിയെന്ന വിവരം ആണ് പുറത്ത് കൊണ്ടുവന്നത്. സ്വര്‍ണ്ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയ്യില്‍ കൊടുത്തു വിടേണ്ടതില്ല എന്നായിരുന്നു ദേവസ്വം ബോര്‍ഡ് ഉത്തരവ്. ഈ ഉത്തരവ് തിരുത്തിയത് അന്നത്തെ ദേവസ്വം ബോര്‍ഡ് സെക്രട്ടറി. ഈ കണ്ടെത്തലും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലാണുള്ളത്. അന്നത്തെ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ പേരെടുത്തു പറഞ്ഞാണ് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്.
ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്നാണ് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍പ്പ സമയം മുന്‍പാണ് ഹൈക്കോടതിയില്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 20 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
2016 മുതല്‍ നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് 2019ല്‍ നടന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്. പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമാകുന്നു. സ്വര്‍ണവും ചെമ്പുപാളികളും ബാംഗ്ലൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിന്റെ നിര്‍ണായക വിവരങ്ങള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചു എന്നുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ശശിധരനോട് നേരിട്ട് കോടതി നേരിട്ട് വിവരങ്ങള്‍ തേടി. അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശങ്ങള്‍ നല്‍കി. വിജിലന്‍സ് സെക്യൂരിറ്റി ഓഫിസറോടും ദേവസ്വം ബെഞ്ച് വിവരങ്ങള്‍ നേരിട്ട് തേടി.