
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിനെതിരെ ആരോപണവുമായി പെന്‍ഷന്‍ സമരനായിക മറിയകുട്ടി. അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ബങ്ക് ഷോപ്പുകളുടെ ലേലവും നടത്തിപ്പും സംബന്ധിച്ചാണ് പെന്‍ഷന്‍ സമരനായിക മറിയകുട്ടി പഞ്ചായത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ബസ് സ്റ്റാന്‍ഡിലെ ബങ്ക് ഷോപ്പുകള്‍ പഞ്ചായത്ത് വേണ്ടവിധം ലേലം ചെയ്ത് നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് മറിയകുട്ടിയുടെ ആരോപണം.
നിലവിലെ പഞ്ചായത്ത് ഭരണ സമിതി മാത്രമല്ല, മുന്‍കാലങ്ങളിലൊക്കെയും ഇതു തന്നെയാണ് അവസ്ഥയെന്നും മറിയകുട്ടി ആരോപിക്കുന്നു. ഓരോ വര്‍ഷവും ബങ്ക് ഷോപ്പുകളുടെ ലേലം പ്രഹസനമായി മാത്രമെ നടക്കുന്നുള്ളുവെന്നും തനിക്കുള്‍പ്പെടെ ബങ്ക് ഷോപ്പുകളുടെ ലേലത്തില്‍ പങ്ക് കൊള്ളാന്‍ സാധാരണകാര്‍ക്കും അവസരമൊരുക്കണമെന്നും മറിയകുട്ടി ആവശ്യമുന്നയിക്കുന്നു.
കാലാകാലങ്ങളായി ബങ്ക് ഷോപ്പുകള്‍ ഏതാനും ചിലരുടെ കൈവശമിരിക്കുന്ന സ്ഥിതിയുണ്ട്. ജീവിത മാര്‍ഗ്ഗത്തിനായി വഴിയോരങ്ങളില്‍ കച്ചവടം ചെയ്യുന്നവരുടെ വഴിയോരക്കടകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുന്ന പഞ്ചായത്ത് ബങ്ക് ഷോപ്പുകള്‍ സാധാരണകാര്‍ക്ക് കൂടി പ്രാപ്യമാകും വിധം ലേലം ചെയ്ത് കൈപറ്റാന്‍ അവസരമൊരുക്കുന്നില്ലെന്നും മറിയകുട്ടി പരാതി ഉന്നയിക്കുന്നു.
വിഷയത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ പഞ്ചായത്തിന് മുമ്പില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്നും മറിയകുട്ടി വ്യക്തമാക്കി.