വീടിനുള്ളിലേക്ക് പറന്നെത്തി മൂങ്ങ;തിരികെ പോകാതെ വന്നതോടെ ആര്‍ ആര്‍ റ്റി സംഘത്തിന് മൂങ്ങയെ കൈമാറി

അടിമാലി: വീടിനുള്ളില്‍ പാമ്പ് കയറുന്നത് പലപ്പോഴും വീട്ടുടമസ്ഥരെ കുഴക്കാറുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി വീടിന്റെ അടുക്കളക്കുള്ളിലേക്ക് ഒരു മൂങ്ങ പറന്നെത്തിയാലോ. പറന്നെത്തിയ മൂങ്ങയെ തിരികെ വീടിന് വെളിയിലേക്ക് പറത്തിവിടാന്‍ എത്രശ്രമിച്ചിട്ടും നടക്കാതെ കൂടി വന്നാല്‍ ആകെ കുഴയും. അടിമാലി സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ വി ആര്‍ സത്യന്റെ വീട്ടിലാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ ഒരു മൂങ്ങ കയറികൂടിയത്.
വീടിന്റെ അടുക്കളക്കുള്ളിലേക്ക് മൂങ്ങ പറന്നെത്തുകയായിരുന്നു. അപ്രതീക്ഷിതമായി വീടിനുള്ളിലേക്ക് പറന്നെത്തിയ ജീവി എന്തെന്ന് തിരിച്ചറിയാതെ വീട്ടുകാര്‍ ആദ്യമൊന്ന് അമ്പരന്നു. മൂങ്ങയാണെന്ന് തിരിച്ചറിഞ്ഞതോടെ വീടിനുള്ളില്‍ നിന്നും പുറത്തേക്ക് പറത്തിവിടാന്‍ ശ്രമവും തുടങ്ങി. പക്ഷെ എത്ര ശ്രമിച്ചിട്ടും വീട് വിട്ട് പുറത്തേക്ക് പറക്കാന്‍ മൂങ്ങ തയ്യാറായില്ല. ഗത്യന്തരമില്ലാതെ വീട്ടുകാര്‍ ഒടുവില്‍ മൂങ്ങയെ കൂട്ടിനുള്ളിലാക്കി.
തുടര്‍ന്ന് വിവരം വനംവകുപ്പിനെ അറിയിച്ചു. മച്ചിപ്ലാവ് ആര്‍ ആര്‍ റ്റി സംഘമെത്തി പിന്നീട് മൂങ്ങയെ കൈപറ്റി. ആരോഗ്യസ്ഥിതി നിരീക്ഷിച്ച ശേഷം മൂങ്ങയെ തുറന്ന് വിടുമെന്ന് ആര്‍ ആര്‍ റ്റി സംഘം ഉദ്യോഗസ്ഥര്‍ അറിയിച്ചു.