
അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ രജതജൂബിലി ആഘോഷവും വികസന സദസ്സും നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാങ്കുളം ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ബസ് സ്റ്റാന്‍ഡിന്റെ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. മാങ്കുളത്ത് നിന്നുയരുന്ന മലയോര ഹൈവേ വിഷയം ജില്ലാ കളക്ടടറേ ചുമതലപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ നികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിനും പഞ്ചായത്ത് കഴിഞ്ഞ 5 വര്‍ഷക്കാലം കൊണ്ട് ആര്‍ജ്ജിച്ച നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു മാങ്കുളം ഗ്രാമപഞ്ചായത്തിലും വികസന സദസ്സ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അങ്കണത്തിലായിരുന്നു ചടങ്ങ് നടന്നത്. ദേവികുളം എം എല്‍ എ അഡ്വ. എ രാജ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തിലെ മുന്‍ജന പ്രതിനിധികളേയും ആദ്യകാല കുടിയേറ്റ കര്‍ഷകരേയും ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒടുവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം നടന്നു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ്, മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദന്‍, വൈസ് പ്രസിഡന്റ് അനില്‍ ആന്റണി, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണന്‍, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.