വട്ടവടയെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സുന്ദര വട്ടവട കാമ്പയിന് തുടക്കമായി

മൂന്നാര്‍: വിനോദസഞ്ചാര കേന്ദ്രവും കാര്‍ഷിക ഗ്രാമവുമായ വട്ടവടയെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സുന്ദര വട്ടവട കാമ്പയിന് തുടക്കമായി. ഹരിത കേരളം മിഷന്റെയും വട്ടവട ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കാമ്പയിന് ആരംഭിച്ചിരിക്കുന്നത്. വട്ടവടയെ മാലിന്യരഹിതമാക്കി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിലൂടെ പ്രാദേശിക ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതും കാമ്പയിന്റെ പ്രധാന ലക്ഷ്യമാണ്.
ക്യാമ്പയിന്റെ ആദ്യഘട്ടത്തില്‍ മാലിന്യം തരംതിരിക്കുന്നതിന്റെ പ്രാധാന്യം, യൂസര്‍ ഫീ കൃത്യമായി കൈമാറേണ്ടതിന്റെ ആവശ്യകത, മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് തടയേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിനായി വീടുകള്‍ കയറിയുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തൊടുപുഴ അല്‍ അസ്ഹര്‍ കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ വട്ടവട നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും മാതൃകാപരമായ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാനും കാമ്പയിന് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വട്ടവടയുടെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തുന്നതിനും ശുചിത്വമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും കാമ്പയിന് നിര്‍ണായക പങ്ക് വഹിക്കും.
കാമ്പയിനുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രതീഷ് പി.ജെ, ഹരിത കേരളം മിഷന് പ്രോജക്ട് അസോസിയേറ്റ് ജിഷ്ണു, ഹരിത കേരളം മിഷന് ആര്.പി. രാകേഷ് എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി.
പ്രാദേശിക ഭരണകൂടവും പൊതുജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ വട്ടവടയെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നാണ് ഗ്രാമപഞ്ചായത്തധികൃതരുടെ പ്രതീക്ഷ.