മൂന്നാറിലെ ഡബിൾ ഡക്കർ ബസ് സർവീസ് വൻ ഹിറ്റ്; വരുമാനം ഒരു കോടിയിലേക്ക്…

കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് സർവീസ് വൻ ഹിറ്റ്. വരുമാനം ഒരു കോടിയിലേക്ക്. ഈ മാസം 3 വരെ 84.5 ലക്ഷം രൂപ വരുമാനം ലഭിച്ചു. ഇക്കാലയളവിൽ 27,842 പേരാണ് ബസിൽ യാത്ര ചെയ്തത്. രണ്ടാഴ്ചയ്ക്കുള്ളിൽ വരുമാനം ഒരു കോടിയിലെത്തുമെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 8നാണ് വിനോദസഞ്ചാരികൾക്കായി മൂന്നാർ ഡിപ്പോയിൽ നിന്നു ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചത്. മൂന്നാറിൽ നിന്നു കൊച്ചി – ധനുഷ്കോടി ദേശീയപാതയിലൂടെ ആനയിറങ്കൽ ഡാമിനു സമീപം വരെയാണ് ട്രിപ്. യാത്രയിൽ അഞ്ചിടങ്ങളിൽ ബസ് നിർത്തി സഞ്ചാരികൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് അവസരമുണ്ട്. ബസിന്റെ മുകൾനിലയിൽ 38 പേർക്കും താഴെ 12 പേർക്കും യാത്ര ചെയ്യാം.
അപ്പർ ഡക്കിൽ 400, താഴെ 200 രൂപ വീതമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 9, 12.30, ഉച്ചകഴിഞ്ഞ് 4 മണി എന്നിങ്ങനെ മൂന്ന് ട്രിപ്പുകളാണ് ദിവസേനയുള്ളത്. ടിക്കറ്റുകൾ നേരിട്ടും ഓൺലൈനായും ബുക്ക് ചെയ്യാം