‘മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് വച്ച് തകർക്കും’; വ്യാജ ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം

മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന വ്യാജ ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എട്ടംഗ സംഘത്തെ ആണ് നിയോഗിച്ചത്. ബോംബ് ഭീഷണി സന്ദേശത്തിന് പിന്നാലെ അണക്കെട്ടിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഞായറാഴ്ച രാത്രിയാണ് തൃശൂർ ജില്ലാ കോടതിയുടെ മെയിൽ ഐഡിയിലേക്ക് മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിൽ തകർക്കുമെന്ന ഇമെയിൽ സന്ദേശം എത്തിയത്. തൃശൂർ കളക്ടർ ഇടുക്കി ജില്ലാ കളക്ടർക്ക് വിവരം കൈമാറിയതിന് പിന്നാലെ മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും ഉൾപ്പെടെ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാജ ഭീഷണി സന്ദേശം ആയിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന് പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിനായി നിയോഗിച്ചത്. സന്ദേശം എത്തിയ മെയിൽ ഐഡിയുടെ വിവരങ്ങൾ തേടി മൈക്രോസോഫ്റ്റിനും കത്ത് അയച്ചിട്ടുണ്ട്.