KeralaLatest NewsLocal news

മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പാക്കും: മന്ത്രി എ.കെ. ശശീന്ദ്രന്‍

വനം വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള സൗഹൃദം മുന്‍പത്തേക്കാള്‍ മെച്ചപ്പെട്ടെന്ന് മന്ത്രി

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരണം മൂന്നാം ഘട്ട അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള വിവിധ പരിഹാരമാര്‍ഗങ്ങളാണ് വനം വകുപ്പ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് 45 ദിവസം നീളുന്ന തീവ്രയജ്ഞ പരിപാടി നടപ്പാക്കുന്നത്.
മൂന്ന് ഘട്ടമായാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 16 മുതല്‍ 30 വരെ ഒന്നാം ഘട്ടവും ഒക്ടോബര്‍ ഒന്നു മുതല്‍ 15 വരെ രണ്ടാം ഘട്ടവും ഒക്ടോബര്‍ 16 മുതല്‍ 30 വരെ മൂന്നാം ഘട്ടവുമായാണ് പരിപാടി നടപ്പാക്കുന്നത്.

വനം വകുപ്പിനെ കൂടുതല്‍ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്. ഒന്നാം ഘട്ടത്തില്‍ 400 പഞ്ചായത്തുകളിലാണ് പരിപാടി സംഘടിപ്പിച്ചത്. 30 പഞ്ചായത്തുകളില്‍ തീവ്ര വന്യജീവി പ്രശ്‌നങ്ങള്‍ നേരിടുന്നവയാണ്. ഇവിടുത്തെ പ്രശ്‌നം പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്നോട്ട് വന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള സൗഹാര്‍ദം മുന്‍പത്തേക്കാള്‍ മെച്ചപ്പെട്ടു. വനം വകുപ്പിലെ ജീവനക്കാര്‍ക്കും ആധുനിക ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.  

ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനകീയമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.  വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും ഏകോപനത്തോടെയും പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം.

ഇടുക്കി ജില്ലയില്‍ 29 പഞ്ചായത്തുകളെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയില്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ 14 പഞ്ചായത്തുകളാണ് സംഘര്‍ഷം തീവ്രമായിട്ടുള്ളതായി വിലയിരുത്തിയിട്ടുള്ളത്. ഈ പഞ്ചായത്തുകളില്‍ നിന്ന് ഒന്നാംഘട്ടത്തില്‍ ആകെ 1527 പരാതികള്‍ ലഭിച്ചു.

സംഘര്‍ഷ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് 1317 പരാതി ലഭിച്ചു. ഇതില്‍ 768 പരാതികളില്‍ പരിഹാരം കണ്ടു. അവശേഷിക്കുന്നവ പരിഹരിക്കുന്നത് രണ്ടാഘട്ടത്തില്‍ ജില്ലാതലത്തിലാണ്.  ഇത് ആരംഭിച്ചു.  

മൂന്നാം ഘട്ടത്തില്‍ സംസ്ഥാന തലത്തില്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഈ മാസം 18 ന് വയനാട് നടക്കുന്ന വനം വനം വന്യജീവി വകുപ്പ് സെമിനാറില്‍ പ്രശ്‌നങ്ങള്‍ വിലയിരുത്തും. 2031 വരെ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട പരിപാടികളുടെ നയപ്രഖ്യാപനം നടക്കും.

മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യോഗത്തില്‍ ജനപ്രതിനിധികള്‍ യോഗത്തിലുന്നയിച്ചു. എല്ലാ പ്രശ്‌നങ്ങള്‍ക്കും കൂട്ടായി പരിഹാരം കാണുന്നതിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുമെന്നും കര്‍ഷകരെ അവരുടെ ഭൂമിയില്‍ നിന്ന് ഇറക്കിവിടുമെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.

മനുഷ്യ വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് യോഗത്തില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

എം.എം. മണി എം.എല്‍എ, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഹൈറേഞ്ച് സര്‍ക്കിള്‍) കോട്ടയം ഡി.കെ. വിനോദ് കുമാര്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് സര്‍ക്കിള്‍ കോട്ടയം& ഫീല്‍ഡ് ഡയറക്ടര്‍ പി.പി. പ്രമോദ് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, മൂന്നാര്‍ ഡിഎഫ്ഒ സാജു വര്‍ഗീസ്, ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ജയചന്ദ്രന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!